തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്‍റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.