ഒരുദിനം 667 രോഗികളുടെ വര്‍ധന ; യുഎഇയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടി ; രോഗമുക്തിയും ഉയര്‍ന്നു ; ഗള്‍ഫില്‍ കൂടുതലും യുഎഇയില്‍

Jaihind News Bureau
Wednesday, February 3, 2021

ദുബായ് : യുഎഇയില്‍ ഒരൊറ്റ ദിനം 667 രോഗികളുടെ വര്‍ധനയുമായി, കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച മാത്രം 12 പേര്‍ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ ഇരുപത്തി മൂവായിരത്തിലധികം പേര്‍ രോഗത്തിന് ചികിത്സയിലാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം, യുഎഇയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം , നാലായിരത്തിന്‍റെ തൊട്ടടുത്ത് വരെ എത്തി. ബുധനാഴ്ച മാത്രം 3977 പേരില്‍ രോഗം സ്ഥിരീകരിച്ചു. ചൊവാഴ്ച ഇത് 3310 ആയിരുന്നു. ഇതാണ്, ഒരു ദിവസം കൊണ്ട്, 667 രോഗികളുടെ എണ്ണത്തിലേക്ക് വര്‍ധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവര്‍, 3,13,626 ആയി കൂടി. 12 പേര്‍ കൂടി ഒരു ദിനം മരിച്ചതോടെ, ആകെ മരണം, 878 ആണ്.  

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും രാജ്യത്ത് വര്‍ധനയുണ്ട്. 4075 പേര്‍ക്കാണ്, ബുധനാഴ്ച രോഗമുക്തി കിട്ടിയത്. ഇതോടെ, 2,89, 276 പേര്‍ രാജ്യത്ത് കൊവിഡില്‍ നിന്നും മോചിതരായി. നിലവില്‍, 23,472 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി, യുഎഇ , കഴിഞ്ഞ കുറച്ച് മാസങ്ങളായി മുന്നിലാണ്. ഇതോടെയാണ്, സൗദി അറേബ്യയിലേക്ക്, യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും സൗദിയില്‍ വിലക്ക് തുടരുകയാണ്.