സ്പീക്കറുടെ വിദേശയാത്രാ കണക്കില്‍ പൊരുത്തക്കേട് ; 11 തവണയെന്ന് മന്ത്രിയുടെ ഓഫീസ്, 21 തവണയെന്ന് കോണ്‍സുലേറ്റ്

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ വിദേശയാത്രകളുടെ കണക്കില്‍ പൊരുത്തക്കേട്. സ്പീക്കറുടെ യാത്ര സംബന്ധിച്ച വിവരാവകാശ രേഖയിലാണ് പൊരുത്തക്കേടുകള്‍ വ്യക്തമാകുന്നത്. 11 വിദേശയാത്രകളാണ് നടത്തിയിട്ടുള്ളതെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. എന്നാല്‍ ദുബായില്‍ മാത്രം 21 തവണ സ്പീക്കർ സന്ദർശിച്ചിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.

2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന്‍ യാത്ര നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളും ഓരോ തവണ സന്ദർശിച്ചു. ഇതില്‍ രണ്ട് യാത്രകള്‍ സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. എന്നാല്‍ ഇതിന്‍റെ ഇരട്ടിയോളം വിദേശ യാത്രകള്‍ സ്പീക്കർ നടത്തി എന്നത് വിവരാവകാശനിയമപ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാണ്.

കോണ്‍സുലേറ്റിന്‍റെ കണക്കനുസരിച്ച് ശ്രീരാമകൃഷ്ണന്‍ ദുബായില്‍ മാത്രം 21 തവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഇതില്‍ 17 യാത്രകളുടെ ചെലവ് സംബന്ധിച്ച് വിശദീകരണമില്ല. 4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു.