കണക്കുകളിലെ പൊരുത്തക്കേട്; സില്‍വർലൈനില്‍ ആശങ്ക പ്രകടിപ്പിച്ച് റെയില്‍വേ

Jaihind Webdesk
Thursday, January 13, 2022

വിവാദ സില്‍വര്‍ലൈനില്‍ ആശങ്ക പ്രകടിപ്പിച്ച് റെയില്‍വേ. പദ്ധതിയുടെ സാമ്പത്തിക നിലനില്‍പ്പില്‍ റെയില്‍വേ ബോര്‍ഡ് സംശയം പ്രകടിപ്പിച്ചു. കെ റെയിലില്‍ സഞ്ചരിക്കുമെന്ന് കണക്കാക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും ഒപ്പം വരുമാനത്തിലും വ്യക്തതയില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. റെയിൽവെ ബോർഡും കെ-റെയിൽ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ റെയിൽവെ വ്യക്തമാക്കിയത്. യോഗത്തിന്‍റെ മിനിട്ട്സ് ജയ്‌ഹിന്ദ്‌ ന്യൂസിന് ലഭിച്ചു.

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് റെയിൽവേ പ്രകടിപ്പിക്കുന്ന ആശങ്ക. കെ റെയിലിന്‍റെ പ്രായോഗികതയെ സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്ന് നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ തള്ളുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. എല്ലാ തരത്തിലും പദ്ധതി പ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇത് സംബന്ധിച്ച് റെയിൽവെ ബോർഡുമായി കെ റെയിൽ ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിൽ പദ്ധതിയുടെ പ്രയോഗികത സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് റെയിൽവെ അധികൃതർ ഉന്നയിച്ചിരിക്കുന്നത്.

പദ്ധതിയുടെ ചെലവ് സംബന്ധിച്ചാണ് ഒരു സുപ്രധാനമായ ചോദ്യം റെയിൽവെ ഉന്നയിച്ചിരിക്കുന്നത്. 63,000 കോടിയാണ് പദ്ധതിയുടെ ചെലവായി സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇത് ചോദ്യം ചെയ്യുകയാണ് റെയിൽവെ ബോർഡ്. 2020 മാർച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ ഈ കണക്ക് പരിഷ്കരിക്കണമെന്നാണ് കേന്ദ്ര റെയിൽവെ ബോർഡ് ക റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് പദ്ധതി ചെലവ് സർക്കാർ പറയുന്ന കണക്കിൽ നിന്നും കുതിച്ചുയരുമെന്ന് ചുരുക്കം.

സർക്കാർ നൽകിയ റിപ്പോർട്ടിൽ 79,000 യാത്രക്കാർ പ്രതിദിനം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അതിനെയും റെയിൽവെ ബോർഡ് ചോദ്യം ചെയ്തു. യാത്രക്കാരുടെ എണ്ണവും ട്രെയിനുകളുടെ എണ്ണവും സംബന്ധിച്ച് ഒരു ശുഭാപ്തി വിശ്വാസം സംസ്ഥാന സർക്കാരിനും കെ റെയിലിനും ഉണ്ടാകുന്നത് നല്ലതാണെങ്കിലും അത് യാഥാർത്ഥ്യബോധത്തോടെ ആകണമെന്നാണ് റെയിൽവെ ബോർഡ് പറയുന്നത്. ശരിയായ നിരക്കും യാത്രക്കാരുടെ ശരിയായ എണ്ണവും നിശ്ചയിച്ചാൽ മാത്രമേ പദ്ധതി പ്രായോഗികമാകുകയുള്ളുവെന്നും അതിനാൽ തന്നെ 79000 യാത്രക്കാരെന്നുള്ള അവകാശവാദം കൂടുതൽ വിശദമാക്കണമെന്നും റെയിൽവെ ബോർഡ് കെ-റെയിലിനോട് നിർദേശിച്ചു. ഹൈസ്പീഡിന് പകരം സെമി ഹൈസ്പീഡ് കൊണ്ടുവന്നതുകൊണ്ട് എന്ത് സാമ്പത്തിക ഗുണമാണ് ലഭിക്കുന്നതെന്ന് വിശദീകരിക്കാനും കേരളത്തോട് റെയിൽവെ ആവശ്യപ്പെട്ടിരിക്കുകയാണ്.