A P Anilkumar| കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിലെത്തിച്ച സംഭവം: കേരളത്തിലെ പൊലീസിന് സമനില തെറ്റിയെന്ന് എപി അനില്‍കുമാര്‍

Jaihind News Bureau
Saturday, September 13, 2025

 

കേരളത്തിലെ പൊലീസിന് സമനില തെറ്റിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വടക്കാഞ്ചേരി പൊലീസ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരിലാണ് മൂന്ന് കെഎസ് യു വിദ്യാര്‍ത്ഥികളെ കൊടുംക്രിമിനലുകളെ കൊണ്ടുവരുന്ന വിധം കയ്യാമം വെച്ച് മുഖം കറുത്ത തുണി കൊണ്ട് മറച്ച് കോടതിയില്‍ ഹാജരാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ് തന്നെ വ്യാജമാണ്. എസ്എഫ് ഐക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റ കെഎസ്.യുക്കാരെയാണ് പൊലീസ് പ്രതികളാക്കിയത്. പിണറായി ഭരണത്തില്‍ എന്തുമാകാമെന്ന് ഭാവമാണ് പൊലീസിന്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞതിന്റെ തെളിവാണിത്.

കേരളത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നടപടികളാണ്. വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന വിധം പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എപി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.