കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിലെത്തിച്ച സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
കടുത്ത അനീതിയാണ് വടക്കാഞ്ചേരി പൊലീസിന്റെ നടപടി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്.കെഎസ് യു വിദ്യാര്‍ത്ഥികളെ മുഖംമൂടിയും കൈവിലങ്ങുമണിയിച്ച പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരെപ്പോലെയാണ് കോടതിയില്‍ ഹാജരാക്കിയത്. വടക്കാഞ്ചേരി പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ പൊലീസ് സ്റ്റേഷനുകള്‍ കോണ്സെന്ട്രേഷന് ക്യാമ്പുകളായി മാറിയെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങള്‍.
പിണറായി ഭരണത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോലും കൊടുംകുറ്റമായിട്ടാണ് കാണുന്നത്. എസ്എഫ് ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന കെഎസ് യു വിദ്യാര്‍ത്ഥികള്‍ക്കാണ് കേരള പോലീസിന്റെ വകയായി ഇത്തരമൊരു അപമാനം നേരിട്ടത്. നാടാകെയുള്ള പൊലീസ് സ്റ്റേഷനുകള്‍ മൂന്നാം മുറയുടെ പരീക്ഷണശാലകളാക്കി മാറ്റുന്നതിന് പുറമെയാണ് ഇത്തരമൊരു നെറികേട്. അതിന് നേതൃത്വം നല്കിയ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളുടെ മാനസികനിലയെപ്പോലും ബാധിക്കുന്ന ക്രൂരതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി ഈ സംഭവത്തിലും മൗനിബാബ നടിക്കുകയാണ്. ഒന്നും ഇവിടം കൊണ്ടവസാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറക്കണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.