V T BALRAM| റിപ്പോര്‍ട്ടര്‍ ചാനലില്‍ മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്നും വി ടി ബല്‍റാം

Jaihind News Bureau
Thursday, August 28, 2025

റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് റൂമില്‍ വെച്ച് മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. ഈ വിഷയം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അതിജീവിതയായ മാധ്യമപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല, പരാതിയില്‍ നിന്ന് യുവതിയെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മറ്റ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഈ വിഷയത്തില്‍ കുറ്റക്കാരാണ്.

കൂടാതെ, പിന്നീട് ആരോഗ്യനില മോശമായിരുന്നിട്ടും അതിജീവിതയോട് ക്രൂരമായി പെരുമാറി അവരെക്കൊണ്ട് രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയ ചാനല്‍ മാനേജ്മെന്റും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ഗുരുതരമായ ആരോപണങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും വി.ടി. ബല്‍റാം ആവശ്യപ്പെട്ടു.