മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം: കേസെടുത്ത് വനം വകുപ്പ്; ജെസിബി ഡ്രൈവർ കസ്റ്റഡിയില്‍

 

മലപ്പുറം: ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ച് നിരവധി പക്ഷികൾ ചത്തുപോയ സംഭവത്തിൽ കരാറുകാർക്കെതിരെ  വനം വകുപ്പ് കേസ് എടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു. വി.കെ പടി അങ്ങാടിക്ക് സമീപമാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ  അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങളുംചത്തൊടുങ്ങിയത്. വനം വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് നടപടി. സംഭവം ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്ത് ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ നിലത്ത് വീണ് ചത്ത സംഭവത്തിലാണ് കരാറുകാര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനം. കരാറുകാര്‍ക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂള്‍ നാലില്‍പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

മുട്ട വിരിഞ്ഞ ശേഷം പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുക്കും. മരം മുറിച്ചപ്പോള്‍ പക്ഷികള്‍ നിലത്ത് വീഴുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വനം വകുപ്പിന്‍റെ നടപടി.

Comments (0)
Add Comment