ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവനന്തപുരം എസ്.എടിയിലെ ചികില്‍സയില്‍ തൃപ്തരല്ലാത്തതിനാണ് കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചികില്‍സാ പിഴവ് മൂലം കുഞ്ഞിനുണ്ടായ വൈകല്യത്തില്‍ കാരണക്കാരായ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിരുന്നില്ല. അതേസമയം ചികില്‍സാ പിഴവാണ് കുഞ്ഞിന്റെ വൈകല്യത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് സമ്മതിച്ചു.
ഗുരുതര വൈകല്യങ്ങളോടെയാണ് നവജാത ശിശു ജനിച്ചു വീണത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വാ തുറക്കുന്നില്ല, മലര്‍ത്തി കിടത്തിയാല്‍ നാവ് ഉള്ളിലേക്ക് കയറി പോകും. ഒപ്പം കാലിനും കൈയ്ക്കും വളവുകളുണ്ട്. ഗര്‍ഭകാല പരിചരണത്തിലും ചികില്സയിലുമുണ്ടായ പിഴവാണ് കുഞ്ഞിന്റെ വൈകല്യത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവം വിവാദമാവുകയായിരുന്നു. ശേഷം സര്‍ക്കാര്‍ വിഷയം ഏറ്റെടുക്കുകയും സൗജന്യ ചികില്‍സ നല്‍കാമെന്ന് ആരോഗ്യ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ചികില്‍സയില്‍ അതൃപ്തി അറിയിച്ച് നവജാത ശിശുവിനെയും കൊണ്ട് ആലപ്പുഴയിലേക്ക് മാറിയത്.