MALLIKARJUN KHARGE| ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം: ‘മതവിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തില്‍ ബാധിച്ചതിന്‍റെ തെളിവ്’-മല്ലികാര്‍ജുന്‍ ഖര്‍ഗെ

Jaihind News Bureau
Tuesday, October 7, 2025

ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചത് മതവിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തില്‍ ബാധിച്ചതിന്‍റെ തെളിവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അന്തസ്സിനു നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഭീഷണിയല്ല, നീതി നിലനില്‍ക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്കു നേരെ കോടതിയില്‍ അതിക്രമ ശ്രമം നടന്നിരുന്നു. അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷൂ എറിയുന്നതിനു മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു.