ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും യുഎഇ സന്ദര്‍ശനത്തില്‍ പ്രവാസികളെ കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിക്കുമ്പോള്‍ മറ്റൊരിടത്ത് പ്രവാസികളെ സിഐടിയു ഗുണ്ടകള്‍ തല്ലി ചതയ്ക്കുകയാണെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആരോപിച്ചു. മുഖ്യമന്ത്രിയുടെ കൂടി നാടായ കണ്ണൂരിലാണ് ഈ സംഭവം എന്നതും വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്ന് ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരി പറഞ്ഞു.
പ്രവാസികള്‍ക്ക് നല്‍കിയ പ്രഖ്യാപനങ്ങളുടെ ഉറപ്പില്‍ കണ്ണൂരില്‍ മുതല്‍ മുടക്കാനെത്തിയ പ്രവാസി സംരഭകന്‍ പി.പി റബി മുഹമ്മദ് ആണ് സിഐടിയു സമരം മൂലം സ്ഥാപനം പൂട്ടിയത്. കോടതി ഉത്തരവ് ഉണ്ടായിട്ടും സ്വന്തം കടയിലേക്ക് സാധനങ്ങള്‍ ഇറക്കാനും കട തുറന്ന് പ്രവര്‍ത്തിക്കാനും സിപിഎം തൊഴിലാളി സംഘടന ഈ പ്രവാസിയെ അനുവദിച്ചിരുന്നില്ല. 50 ദിവസമായി സി ഐ ടി യു തൊഴില്‍ സമരം നടത്തി വരുകയായിരുന്നു. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ അഫ്‌സല്‍ കുഴിക്കാട് എന്ന വ്യക്തിയെയും സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ടൂറിസം മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസും ദിവസങ്ങളോളം യുഎയിലെത്തി താമസിച്ചാണ് കേരളത്തിലേക്ക് പ്രവാസി നിക്ഷേപകരെ ക്ഷണിച്ചത്. എന്നിട്ട് സ്വന്തം തൊഴിലാളി സംഘടനാ ഗുണ്ടകളെക്കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്നും മഹാദേവന്‍ ആരോപിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ സംരഭകര്‍ക്ക് ഒരു സംരക്ഷണവും നല്‍കാന്‍ കഴിയുന്നില്ല. പറയുന്ന വാക്കിനോട് ആത്മാര്‍ത്ഥതയില്ലാത്ത മുഖ്യമന്ത്രിയായി പിണറായി മാറിയെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി കുറ്റപ്പെടുത്തി.