കൊവിഡ് ദുരിതബാധിതര്‍ക്ക് ഇന്‍കാസ് ഷാര്‍ജ 100 വിമാന ടിക്കറ്റുകള്‍ നല്‍കും

Jaihind News Bureau
Saturday, May 9, 2020

 

ഷാര്‍ജ : കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ദുരിതത്തിലായ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനായി ഇന്‍കാസ് ഷാര്‍ജ 100 വിമാനടിക്കറ്റുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ഇന്‍കാസിന്റെ വിവിധ ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെയായിരിക്കും ടിക്കറ്റുകള്‍ വിതരണം ചെയ്യുക. സന്ദര്‍ശക വിസയിലെത്തി ജോലി ലഭിക്കാതെ നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍, അടിയന്തരമായി നാട്ടിലെത്തേണ്ട പാവങ്ങളായ രോഗബാധിതര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ടിക്കറ്റുകള്‍ നല്‍കുക. ഇത്തരത്തില്‍ നാട്ടില്‍പോകാന്‍ സാധിക്കാത്ത കഷ്ടത അനുഭവിക്കുന്നവരുടെ പട്ടിക ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി സമാഹരിക്കും.

വൈ.എ.റഹീം 10 ടിക്കറ്റുകള്‍ നല്‍കും

നാട്ടില്‍ പോകാനായി ടിക്കറ്റെടുക്കാന്‍ പണമില്ലാത്ത പാവങ്ങള്‍ക്കായി പത്തു വിമാനടിക്കറ്റുകള്‍ നല്‍കുമെന്ന് ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അറിയിച്ചു. കുടുംബത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പത്തു ടിക്കറ്റുകള്‍ നല്‍കുക. കൂടാതെ, ഇന്‍കാസ് ഷാര്‍ജയുടെ പ്രവര്‍ത്തകരും ടിക്കറ്റുകള്‍ നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.