കൊവിഡ് കാലത്ത് സ്വാന്തനമായി ‘ഇന്‍കാസ് ‘ ഫുജൈറ: ശസ്ത്രക്രിയക്ക് പണം നല്‍കി സഹായിച്ച് അംഗങ്ങള്‍; ആശ്വാസമായി കോട്ടയം സ്വദേശിനി

 

ഫുജൈറ ( യുഎഇ ) : യുഎഇയിലെ വടക്കന്‍ നഗരമായ ഫുജൈറയില്‍ , കൊവിഡ് കാലത്ത് ജോലി നഷ്ട്ടപ്പെട്ട് കുടുങ്ങിയ സ്ത്രീയ്ക്ക്, അടിയന്തര ശസ്തക്രിയക്ക് സാമ്പത്തിക സഹായം നല്‍കി, കോണ്‍ഗ്രസ് പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് ഫുജൈറ മാതൃകയായി. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട നിരാലംബയായ കോട്ടയം സ്വദേശിനിയുടെ അടിയന്തര ശസ്ത്രക്രിയക്കുള്ള മുഴുവന്‍ ചെലവുകളും ഏറ്റടുത്താണ് ഇന്‍കാസ് ഫുജൈറ സാന്ത്വനമായി മാറിയത്.

സ്‌കൂള്‍ ബസ്സില്‍ സഹായിയായി ജോലി ചെയ്തിരുന്ന ഈ സ്ത്രീക്ക്  മാസങ്ങളായി ജോലിയില്ലാതെ ഭക്ഷണത്തിനു പോലും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയായ  ഇവര്‍ക്ക് ശരീരത്തിന്റെ പുറം ഭാഗത്തു പ്രത്യക്ഷപ്പെട്ട ഒരു വലിയ മുഴ പഴുത്തു. വേദന സഹിക്കാനാകാതെയായി മാറി. ആശുപത്രി അധികൃതര്‍ എത്രയും പെട്ടെന്ന് ശസ്തക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ഇപ്രകാരം, വലിയ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയക്ക് ആവശ്യമായ പണം എങ്ങിനെ കണ്ടെത്തുമെന്ന് അറിയാതെ ദുരിതം അനുഭവിക്കുമ്പോഴാണ്, ഇന്‍കാസ്  ഫുജൈറ ഹെല്‍പ്പ്‌ലൈനില്‍ ഈ സ്ത്രീ ബന്ധപ്പെട്ടത്.  ഉടന്‍ ഫുജൈറയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി  സംസാരിച്ചു ശസ്ത്രക്രിയ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ഇപ്രകാരം, മുഴുവന്‍ ചിലവുകളും ഇന്‍കാസ് ഫുജൈറ  അംഗങ്ങളില്‍ നിന്നായി സ്വരൂപിച്ചു. ഇന്‍കാസ് വളണ്ടിയര്‍മാര്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ നടത്തിച്ചു. സുഖം പ്രാപിച്ചു വരുന്ന ഇവര്‍ക്ക് തുടര്‍ ചികിത്സക്കുള്ള മരുന്നും പണവും ഇന്‍കാസ് ടീം കൈമാറി.

ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ  സി അബൂബക്കര്‍, സെക്രട്ടറി ജോജു മാത്യു ഫിലിപ്പ്, ട്രഷറര്‍  നാസര്‍ പാണ്ടിക്കാട്, രാജേഷ് കെ അപ്പു , ഉസ്മാന്‍ ചെക്യാട്, സന്താഷ് കെ മത്തായി, അനന്തന്‍ പിള്ള , അനൂപ്  , ലസ്റ്റിന്‍, മോനി ചാക്കോ, ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ സാമ്പത്തിക ചിലവുകള്‍ കണ്ടെത്തിയത്. ഇത്തരത്തിലുള്ള രോഗികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്‍കാസ് ഫുജൈറ പ്രസിഡന്റ്  കെ സി അബൂബക്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നോര്‍ക്ക, എംബസി എന്നിവരുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment