ദുബായ് : കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാ-സാസ്‌കാരിക സംഘടനയായ, ഇന്‍കാസ് ദുബായിയുടെ, തൃശൂര്‍ ജില്ലാ കമ്മിറ്റി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. www.incasuae.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ചാറ്റ്‌റൂമിലുടെ, ആവശ്യങ്ങള്‍ അറിയിച്ചാല്‍ നിമിഷ നേരത്തിനുള്ളില്‍ മറുപടി ലഭിക്കുന്ന സംവിധാനമാണിത്. ഭക്ഷണം, വൈദ്യ സഹായം, മാനസിക പിന്തുണ, പോസിറ്റീവ് കേസ് അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ സഹായങ്ങളും ഇത്തരത്തില്‍ ലഭിക്കും.
യു എ ഇയിലെ പ്രവാസി സഹോദരങ്ങള്‍ക്ക് ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസിന്റെ സന്നദ്ധ വളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലൂടെ, നിരവധി പേര്‍ക്ക് അവശ്യ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതായി ജില്ലാ പ്രസിഡന്റ് ബി പവിത്രന്‍ , ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഓരോ ദിവസവും നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്. തൃശൂര്‍ ഡി സി സിയുടെയും, ടി എന്‍ പ്രതാപന്‍ എം പിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം വഴിയും പ്രവാസി മലയാളികള്‍ക്ക് ആശയവിനിമയം നടത്തുന്ന സംവിധാനവും നടക്കുന്നുണ്ടെന്ന് പവിത്രന്‍ പറഞ്ഞു.
ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, വൈസ് പ്രസിഡന്റ് എന്‍ പി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, തൃശൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറര്‍ ഫിറോസ് മുഹമ്മദാലി, തസ്ലിം എളവള്ളി, റാഫി കോമലത്ത്, ഷംസുദ്ധീന്‍ വടക്കേക്കാട്, ടോജി മുല്ലശ്ശേരി, സി സാദിഖലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഹുസൈന്‍ തളിക്കുളമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.