ക്വാറന്‍റൈന്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം : മലയാളികള്‍ മരിച്ചുവീണിട്ടും സര്‍ക്കാര്‍ സഹായമില്ലെന്ന് ഇന്‍കാസ് അബുദാബി

Jaihind News Bureau
Thursday, May 28, 2020

അബുദാബി : കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ട്ടപ്പെട്ടവരും വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടുള്ളവരും ഗര്‍ഭിണികളും നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്ക് ക്വാറന്‍റൈന്‍ ഒരുക്കുന്നതിന് പണം വാങ്ങിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍കാസ് അബുദാബി വ്യക്തമാക്കി. പ്രതിസന്ധി മൂലം പ്രവാസി സംഘടനകളുടെ സഹായം കൊണ്ടാണ് ടിക്കറ്റെടുത്ത് പലരും നാട്ടിലേക്ക് മടങ്ങുന്നത്. എന്നിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരില്‍ നിന്ന് പണം ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതും മനുഷ്യത്വരഹിതവുമാണെന്നും ഇന്‍കാസ് അഭിപ്രായപ്പെട്ടു.

കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ട്ടപ്പെട്ടവര്‍ കഴിഞ്ഞ രണ്ടര മാസക്കാലം നാട്ടില്‍ എത്താന്‍ കഴിയാതെ കൈയില്‍ ഉള്ളതെല്ലാം വാടകയായിട്ടും ഭക്ഷണത്തിനും പോകാനുള്ള ടിക്കറ്റിനുമായി ചെലവഴിച്ച് മടങ്ങുമ്പോള്‍ അവരും നിസഹായരാണ്. മറ്റൊരു പ്രതീക്ഷയും ബാക്കിയില്ലാത്തതു കൊണ്ടാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത് എന്ന തിരിച്ചറിവ് എങ്കിലും പ്രവാസിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കണം.

പ്രവാസികളുടെ പേരില്‍ ലോക കേരളസഭയും നോര്‍ക്കയും നടത്തി ധൂര്‍ത്തടിച്ചവര്‍ പ്രവാസികള്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ താങ്ങാക്കേണ്ടവര്‍ കൈമലര്‍ത്തുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്‍കാസ് വിലയിരുത്തി. പ്രസ്താവനകളില്‍ മാത്രം ഒതുങ്ങാതെ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും കൊവിഡ് മൂലം പ്രവാസ ലോകത്ത് മരിച്ചുവീണ മലയാളികള്‍ക്ക് ഒരു ആദരാഞ്ജലി പോലും അർപ്പിക്കാത്ത നിലപാട് അതീവ ദുഃഖകരവുമാണെന്നും ഇന്‍കാസ് അബുദാബി പ്രസിഡന്‍റ് യേശുശീലന്‍, സെക്രട്ടറി സലീം ചിറക്കല്‍, ട്രഷറര്‍ നിബു സാം ഫിലിപ്പ്, ആക്ടിംഗ് പ്രസിഡന്‍റ് അനൂപ് നമ്പ്യാര്‍ തുടങ്ങിയവര്‍ അറിയിച്ചു.