പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമവേദിയായി ഡിഎംകെ ഓഫീസ് ഉദ്ഘാടനം

Jaihind Webdesk
Sunday, April 3, 2022

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയായി രാജ്യതലസ്ഥാനത്തെ ഡിഎംകെ ഓഫീസ് ഉദ്ഘാടനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെ 13 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഉദ്ഘാടന പരിപാടിക്കെത്തി.

ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചേര്‍ന്ന് നാട മുറിച്ചാണ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. മമത ബാനര്‍ജിക്ക് എത്താന്‍ കഴിയാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മഹുവ മൊയ്ത്രയും ടിഡിപിയെ പ്രതിനിധീകരിച്ച് റാം മോഹന്‍ നായിഡുവും സന്നിഹിതരായി.

പി. ചിദംബരം, അധീര്‍ രഞ്ജന്‍ ചൗധരി, സീതാറാം യെച്ചൂരി, ഡി. രാജ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള തുടങ്ങി നേതാക്കളുടെ നിര തന്നെ ചടങ്ങിന് മാറ്റേകി. തമിഴ്നാട്ടിലെ വിവിധ മന്ത്രിമാരും ഡിഎംകെ എംപിമാരും ഓഫീസ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിച്ചു. സ്റ്റാലിനും കനിമൊഴിയും നേതാക്കളെ സ്വീകരിച്ചു.