ജനമഹായാത്രക്ക് പ്രൗഢഗംഭീര തുടക്കം; മോദിക്കും പിണറായിക്കും ഒരേലക്ഷ്യമെന്ന് എ.കെ. ആന്റണി; തെരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്രയുദ്ധം

Jaihind Webdesk
Sunday, February 3, 2019

‘നമ്മള്‍ ഇന്ത്യയെ കണ്ടെത്തി നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് കാസര്‍ഗോഡ് പ്രൗഢഗംഭീര തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മോദിയുടെ ഭരണത്തില്‍ തകര്‍ന്ന ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന കുരുക്ഷേത്രയുദ്ധത്തിന് ശക്തിപകരുന്ന യാത്രയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയെന്ന് എ.കെ. ആന്റണി പറഞ്ഞു.
മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ഗാന്ധി ഒറ്റക്കല്ല. ഇന്ത്യയിലെ മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന, ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റ് പാര്‍ട്ടികളും ഈ യുദ്ധത്തില്‍ രാഹുലിനൊപ്പമുണ്ട്. അതിന്റെ ഭാഗമായുള്ള യാത്രയാണ് മുല്ലപ്പള്ളി നയിക്കുന്നത്. ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേവലം ഒരു അധികാര കൈമാറ്റം മാത്രല്ല. ഇന്ത്യയെ രക്ഷിക്കാനുള്ള, ജനാധിപത്യ മൂല്യങ്ങളെ, ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള യുദ്ധമാണ് ഈ പാര്‍ലമെന്റ് ഇലക്ഷന്‍.
ഇന്ത്യയുടെ ദേശീയ മൂല്യങ്ങള്‍ രക്ഷപ്പെടുത്താന്‍ ഒരേയൊരു പോംവഴി മാത്രമേയുള്ളൂ. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദിയുടെ സര്‍ക്കാരിനെ താഴെയിറിക്കണം, അതിന്റെ കൂടെ കേരളത്തില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പ്രളയത്തിനുശേഷം പുതിയ കേരളത്തെ കെട്ടിപ്പെടുക്കുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റുകൂടിയാകണം ഈ തെരഞ്ഞെടുപ്പെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.
എന്തായിരുന്നോ ഇന്ത്യ? ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടം മുതല്‍, ഭരണഘടന സ്ഥാപിച്ചതുമുതല്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു. ജനങ്ങളെ ധ്രൂവീകരിക്കാന്‍ ശ്രമിക്കുന്നു. ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മറുഭാഗത്ത് എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുകയാണ്. കര്‍ഷകന്റെ ആത്മഹത്യ സര്‍വ്വകാല റെക്കോര്‍ഡിലാണ്. തൊഴിലില്ലായ്മ പെരുകുന്നു. ഇതുപോലെ പോയാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സംഘര്‍ഷങ്ങളുണ്ടായേക്കാം. ഇന്ത്യയെ രക്ഷിക്കാന്‍ സാധിക്കണം. അതിന് മോദി സര്‍ക്കാര്‍ പോയേ തീരൂ – എ.കെ. ആന്റണി പറഞ്ഞു.
കേരളത്തെ പുതിയ കേരളമാക്കി മാറ്റുന്നതിന് പകരം ഭിന്നിപ്പിച്ച കേരള സര്‍ക്കാരിനും പിണറായിക്കും ചുട്ട മറുപടി നല്‍കാന്‍ സാധിക്കണം. അതിന്റെ ഭാഗമായമിട്ടാണ് ഈ യാത്ര. കോണ്‍ഗ്രസുകാരും യു.ഡി.എഫുകാരും പൊതുയോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പോര, ചാനല്‍ ചര്‍ച്ചകളില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ പോര, സോഷ്യല്‍മീഡിയയില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ പോര എല്ലാ വീടുകളിലും എത്താനുള്ള ശ്രമമുണ്ടാകണം. ഇവിടെ യു.ഡി.എഫിനും കോണ്‍ഗ്രസിനും രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് തരാന്‍ വേണ്ടിമാത്രം നരേന്ദ്രമോദിയും ആര്‍.എസ്.എസും വളര്‍ന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ച മോദിക്കും കൂട്ടര്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അര്‍ഹതയില്ല.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, തെലുങ്കാന, മിസോറാം എന്നിവിടങ്ങളില്‍ ബി.ജെ.പി തറപറ്റി. മൂന്ന് സംസ്ഥാനങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ തറപറ്റിച്ച് അവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നു. കേരളത്തില്‍ മാത്രമുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമോ? ഭൂരിപക്ഷ സമുദായത്തെ ബി.ജെ.പിയുടെ കൈകളിലെത്തിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. പിണറായി വിജയനും നരേന്ദ്രമോദിക്കും ഒരേ ലക്ഷ്യമാണ് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറക്കണം. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രത്യേകം അഭിനന്ദിക്കുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കൈവരിക്കും. ദല്‍ഹിയില്‍ ഭരണമാറ്റം ഉണ്ടാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന രാഹുല്‍ഗാന്ധിയുടെ കൈകള്‍ക്ക് ശക്തിപകരുന്നതിനാണ് മുല്ലപ്പള്ളിയുടെ യാത്രയെന്നും എ.കെ. ആന്റണി ഉദ്ഘാടനപ്രസംഗം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.