സൗജന്യ റേഷന്‍ വിതരണത്തില്‍ അപാകത : സാധാരണക്കാർക്ക് ലഭിക്കേണ്ട സൗജന്യം നേട്ടമാകുന്നത് സാമ്പത്തികമായി ഉയർന്നവർക്കെന്ന ആക്ഷേപം ശക്‌തം

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ സാധാരണക്കാർക്ക് ലഭിക്കേണ്ട സൗജന്യ അരി സാമ്പത്തികമായി ഉയർന്നവർക്കാണ് ലഭിക്കുന്നത് എന്ന ആക്ഷേപം ശക്‌തം. മുൻഗണന ലഭിക്കേണ്ടുന്നവർക്ക്‌ എല്ലാ മാസവും ലഭിക്കുന്ന അരി മാത്രമാണ് ലഭിക്കുന്നത് എന്നിരിക്കെ സബ്സിഡി അർഹതയില്ലാത്ത വെള്ളക്കാർഡ് ഉടമകൾക്കാണ് 15 കിലോ സൗജന്യ റേഷൻ ലഭിക്കുന്നത്.

കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ നാട്‌ സ്തംഭിച്ചിരിക്കുകയും വരുമാന മാർഗം പൂർണമായും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇരട്ടത്താപ്പ് കാണിച്ചു സർക്കാർ ജനങ്ങളെ പറ്റിക്കുന്നത്. സൗജന്യ റേഷന് അർഹതയുള്ള സമൂഹത്തിലെ താഴെ തട്ടിലുള്ള അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക് നേരത്തെ ലഭിച്ചിരുന്ന 16 കിലോ അറിയും 4 കിലോ ഗോതമ്പുമാണ് സർക്കാർ സൗജന്യ റേഷൻ എന്ന പേരിൽ നൽകുന്നത് എന്നിരിക്കെ ചെറിയ ശതമാനം വരുന്ന സമൂഹത്തിലെ ഉന്നതർക്കാണ് ഇതിന്‍റെ ഗുണഫലം ലഭിക്കുന്നത്. സൗജന്യ റേഷൻ പ്രതീക്ഷിച്ചിരുന്ന മഞ്ഞ കാർഡ് ഉടമകൾക്ക് നേരത്തെ ഉണ്ടായിരുന്ന ഒരു കിലോ അരിക്ക് രണ്ടു രൂപ എന്ന നിരക്ക് ഒഴിവായി എന്നത് മാത്രമാണ് നേട്ടമുള്ളതു. എന്നാൽ നേരത്തെ ലഭിച്ചിരുന്ന രണ്ടു കിലോ അരിക്ക് പകരമാണ് സബ്‌സിഡിക്കു അർഹതയില്ലാത്ത വെള്ള കാർഡുകാർക്കു 15 കിലോ അരി സർക്കാർ സൗജന്യമായി നൽകുന്നത്. ഇത് മൂലം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരും.

വസ്തുത മറച്ചു വെച്ച് കൊണ്ടു എല്ലാവർക്കും സൗജന്യ റേഷൻ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ചു റേഷൻ കടയിൽ എത്തിയവരാണ് തങ്ങൾ പറ്റിക്കപെട്ടതാണെന്ന് തിരിച്ചറിയുന്നത്. സാമ്പത്തിക ശേഷിയോ യാതൊരു വരുമാന മാർഗമോ ഇല്ലാതെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം വരുന്ന സാധാരണക്കാർ. അതേസമയം തീരുമാന പ്രകാരം നൽകേണ്ടുന്ന അരി പോലും ഭൂരിഭാഗം റേഷൻ കടയിലും ഇല്ല എന്നതും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

Covid 19Free Rationcorona
Comments (0)
Add Comment