
ഇന്ന് നടക്കേണ്ടിയിരുന്ന സൂപ്പര്‍ ലീഗ് കേരള സെമി ഫൈനല്‍ മല്‍സരം മാറ്റിവയ്ക്കാന്‍ നിര്‍ദേശം. ഇന്ന് രാത്രി 7. 30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശ്ശൂര്‍ മാജിക് എഫ് സി – മലപ്പുറം എഫ് സി മല്‍സരമാണ് മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. മല്‍സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മല്‍സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. നിര്‍ദ്ദേശം മറികടന്ന് മല്‍സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.