സാധാരണക്കാർക്ക് ഗുണം ചെയ്യാത്ത പാക്കേജുകള്‍ പുനഃപരിശോധിക്കണം : നില്‍പ്പ് സമരവുമായി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്

തിരുവനന്തപുരം: സാധാരണക്കാർക്ക് പ്രയോജനം ചെയ്യാത്ത കൊവിഡ് സാമ്പത്തിക പാക്കേജിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണ്. പാക്കേജുകള്‍ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നാളെ (18.05.2020) ബ്ലോക്ക് തലത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതൻ അറിയിച്ചു. തിരുവനന്തപുരം ജി.പി.ഒ യ്ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.

കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബ്ലോക്ക് പരിധിയിലെ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിലാണ് നില്‍പ്പ് സമരം സംഘടിപ്പിക്കുന്നത്. ലോക്ക് ഡൗൺ മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും  സമരം നടത്തുന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിലെയും സംസ്ഥാന സർക്കാരിന്‍റെ പാക്കേജിലെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് സമരം. സാധാരണക്കാർക്ക് ഗുണം ചെയ്യാത്ത പാക്കേജ് പുനഃപരിശോധിക്കണം, പരമ്പരാഗത തൊഴിലാളികൾക്ക് 5,000 രൂപ നേരിട്ട് നൽകണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് നാളെ സമരം സംഘടിപ്പിക്കുന്നത്.

Comments (0)
Add Comment