ശബരിമലയിലെ അവശ്യ ക്രമീകരണങ്ങളുടെ അപര്യാപ്തത; പമ്പയിൽ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം

Jaihind Webdesk
Thursday, December 15, 2022

പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത  സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരും.  മന്ത്രിമാരായ എംബി രാജേഷ്, എകെ ശശീന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എന്നാല്‍ ശബരിമലയിൽ തീ‍ർഥാടകരുടെ തിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് മാത്രം 82,365 തീർഥാടകരാണ് ദർശനത്തിനായി ഓൺലൈൻ ആയി ബുക്ക് ചെയ്‌തിരിക്കുന്നത്.

അതേസമയം ശബരിമല തീർഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് അവശ്യ ക്രമീകരണങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രി ശബരിമലയിലെ കാര്യങ്ങള്‍ മനസിലാക്കാതെയാണ് കഴിഞ്ഞ ദിവസം ഉന്നതതല യോഗത്തില്‍ പല തീരുമാനങ്ങള്‍ എടുത്തതെന്നും ആക്ഷേപമുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുത്തേക്കും.  നിലക്കലിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടില്ലെന്നതും  ശബരിമല പാതയിൽ നിരന്തരം ഗതാഗത കുരുക്കുണ്ടാകുന്നതും നിലയ്ക്കലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതികളും ചർച്ചയാകും. ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും, പമ്പയിലെ മാലിന്യ പരിപാലനവും യോഗം വിലയിരുത്തും.

പോലീസ് മേധാവി അനിൽകാന്തും ഇന്ന് പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തുന്നുണ്ട്. പോലീസിന്‍റെ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തും.