ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിംഗില്‍ അപാകത; സാധാരണക്കാര്‍ക്ക് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് പരാതി, പ്രതിഷേധം

 

കൊവിഡ് വാക്സിനേഷനിലെ അപാകതയിൽ കോഴിക്കോട് കോട്ടൂരിൽ പ്രതിഷേധം ശക്തമാകുന്നു. അപാകത പരിഹരിച്ച് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്ലോട്ട് ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയതോടെ സാധാരണക്കാർക്ക് വാക്സിൻ ലഭിക്കാത്ത അവസ്ഥയാണ്.

കോഴിക്കോട് കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്സിനേഷൻ ആവശ്യത്തിന് ലഭിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ദിവസേനയുള്ള ഓൺലൈൻ ബുക്കിംഗില്‍ അമ്പതിൽ താഴെ സ്ലോട്ട് മാത്രമാണ് ലഭിക്കുന്നത്. പലരും ലോഗിൻ ചെയ്ത് വരുമ്പോഴേക്കും പൂർണ്ണമായും ബുക്കിംഗ് ആവുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഏപ്രിൽ മാസത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിൽ നിന്ന് ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് മാസങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. ഇതിൽ കൂടുതൽ പേരും 50 വയസിന് മുകളിലുള്ളവരാണ്. ഓൺലൈൻ സംവിധാനമായതിനാൽ പഞ്ചായത്തിന് പുറത്തുള്ളവരും ഇവിടെ വന്ന് വാക്സിനേഷൻ ചെയ്യുന്നത് കാരണം പഞ്ചായത്തിലുള്ളവർക്ക് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

വാക്സിനേഷനിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മണ്ഡലം പ്രസിഡന്‍റ് രജീഷ് കൂട്ടാലിട, അഖിൽ കോട്ടൂർ, മിഥുൻ ബി.എസ്, ആദർശ് ഇ, അർജുൻ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment