യെദിയൂരപ്പ നല്‍കിയത് വെറും വാഗ്ദാനം മാത്രം; ലോക്ക്ഡൗണില്‍ കർണാടകയില്‍ പട്ടിണിയിലായവർ നിരവധി

 

കര്‍ണാടകയില്‍ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. ലോക്ക്ഡൗണില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമായി ഒതുങ്ങി. ലോക്ക്ഡൗണില്‍ കുടുങ്ങിയവരെയും സംസ്ഥാനത്തെ പട്ടിണി പാവങ്ങളെയും സംരക്ഷിക്കുമെന്നായിരുന്നു യെദിയൂരപ്പ സർക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ റേഷന്‍ പോലും കിട്ടാതെ നിരവധി പേരാണ് കർണാടകത്തില്‍ ദുരിതം അനുഭവിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷണത്തെയാണ് ഒരു വിഭാഗം ആശ്രയിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരു മാസത്തിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് സംസ്ഥാനത്ത് പട്ടിണി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ സമയത്ത് റേഷന്‍ കാർഡ് ഇല്ലാത്തവർക്കും പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുമെന്നായിരുന്നു യെദിയൂരപ്പ സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ ഇതെല്ലാം പാഴ്വാക്കായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഖ്യാപനം മാത്രമാണ് ഇതുസംബന്ധിച്ച് യെദിയൂരപ്പ നടത്തിയത്. റേഷന്‍ കാർഡില്ലാത്തവർക്ക് പൊതുവിതരണ സംവിധാനത്തിലൂടെ ഒന്നും ലഭിക്കുന്നില്ല. പ്രഖ്യാപനമല്ലാതെ, സർക്കാര്‍ ഇതുസംബന്ധിച്ച യാതൊരു ഉത്തരവും പുറത്തിറക്കിയില്ല. തെരുവില്‍ താമസിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാനും യെദിയൂരപ്പ സർക്കാരിന് കഴിഞ്ഞില്ല. ഇത് അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

‘ദാരിദ്ര്യരേഖയ്ക്ക് മുകളിലും താഴെയുമുള്ള റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നുള്ളൂ. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് നല്‍കുവാന്‍ സാധിച്ചിട്ടില്ല. കാര്‍ഡില്ലാത്തവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. റവന്യു ഡിപ്പാര്‍ട്‌മെന്‍റ് ആണ് ഇത് കൈകാര്യം ചെയ്യേണ്ടത്, അവര്‍ ഇപ്പോഴും എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്ന ആലോചനയില്‍ ആണ്’ – കര്‍ണാടക സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ചെയര്‍പേഴ്‌സണ്‍ എന്‍. കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അതേസമയം റേഷന്‍ കാർഡുളളവർക്കുപോലും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ശുചീകരണത്തൊഴിലാളിയായ മഹിമ കാര്‍ഡ് ഉടമയായിട്ടുപോലും തനിക്ക് റേഷന്‍ കിട്ടിയില്ലെന്ന് വ്യക്തമാക്കുന്നു. റേഷന്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ചയുണ്ടായി എന്ന് ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കൃത്യമായ രേഖകളും റേഷന്‍ കാര്‍ഡുകളും ഉള്ളവര്‍ക്ക് പോലും കര്‍ണാടകയില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഒരു വിഭാഗം ജനത തങ്ങളുടെ ജീവിതം തള്ളിനീക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീർത്തും അസാധാരണമായ സാഹചര്യത്തില്‍ ഒരു ജനതയോട് സർക്കാര്‍ ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Comments (0)
Add Comment