ഉത്തരാഖണ്ഡില്‍ ബിജെപിയെ ഞെട്ടിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തോല്‍വി

Jaihind Webdesk
Thursday, March 10, 2022

 

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചപ്പോഴും കനത്ത തിരിച്ചടിയായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ തോല്‍വി. ഫലസൂചനകൾ പുറത്തുവരുമ്പോൾ 47 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. എന്നാൽ 2017 ലെ മികവ് ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.

രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്.  വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ഒപ്പത്തിനൊപ്പമായിരുന്നു. 70 സീറ്റുകളിലേക്കാണ് ഇവിടെ മത്സരം നടന്നത്.

ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ടായിരുന്നു. ആം ആദ്മിയാകട്ടെ ഒരവസരം തരൂ എന്ന അവരുടെ മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയർത്തിപ്പിടിച്ചത്. എന്നാൽ ഒരു സീറ്റിൽ പോലും ലീഡുയർത്താൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. മറ്റുള്ള പാര്‍ട്ടികള്‍ മൂന്നോളം സീറ്റുകളില്‍ മുന്നേറ്റം നടത്തി. ഇന്ത്യയുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായി 2000 നവംബർ 9 നാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്.  സംസ്ഥാനത്ത് 13 ജില്ലകളാണ് ഉള്ളത്. പതിനൊന്ന് കോടിയാണ് ആകെ ജനസംഖ്യ.

2002 ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2007 ൽ അധികാരം നഷ്ടമായെങ്കിലും 2012 ൽ വീണ്ടും ഭരണത്തിലെത്താൻ സാധിച്ചു. 2017 ൽ വീണ്ടും തിരിച്ചടി നേരിട്ടു. 70 ൽ 57 സീറ്റും നേടിയാണ് 2017 ൽ ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണ 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർത്ഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്.

അതേസമയം ഇത്തവണത്തെ പ്രധാന മത്സരാർത്ഥികളായിരുന്ന നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ തോല്‍വി ബിജെപിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. 6932 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടാണ് ധാമി പരാജയപ്പെട്ടത്. സിറ്റിംഗ് മുഖ്യമന്ത്രിമാർ തോൽക്കുന്ന ചരിത്രമാണ് ഉത്തരാഖണ്ഡിനുള്ളത്. അതേസമയം ഒരു സര്‍ക്കാരിനും തുടര്‍ഭരണമുണ്ടാകില്ലെന്ന ഉത്തരാഖണ്ഡിന്‍റെ ചരിത്രം ഇത്തവണ മാറ്റി എഴുതപ്പെടുകയും ചെയ്തു.