‘ഈ സർക്കാരിന്‍റെ കാലത്ത് ഏത് പൊട്ടനും മന്ത്രിയാവാം, പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസും പി.ശശിയും’; സിപിഎമ്മില്‍ പിണറായിസം, വിശ്വാസം കോടതിയെ മാത്രമെന്ന് പി.വി. അന്‍വര്‍

 

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ മറുപടിയുമായി പി.വി.അൻവർ എംഎൽഎ രംഗത്ത്. വിശ്വാസം കോടതിയെ മാത്രമെന്നും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശിയും ചേര്‍ന്നാണെന്ന് അന്‍വര്‍ പറഞ്ഞു. പിണറായിസമാണ് ഇപ്പോൾ സിപിഎമ്മിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. മുഖ്യമന്ത്രി എനിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. എഡിജിപി എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി വായിച്ചത്. അതല്ല സത്യം. സ്വർണക്കടത്തില്‍ എന്നെ  കുറ്റവാളിയാക്കാനാണ് മുഖ്യമന്ത്രി നോക്കുന്നതെന്നും അൻവർ പറഞ്ഞു.

മുഖ്യന്‍റെ മേലുള്ള വിശ്വാസം എനിക്ക് നഷ്ട്മായി. ജുഡീഷ്യറിയിൽ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. ‌ അൻവറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. എൽഡിഎഫ് വിട്ടുവെന്ന് ഞാൻ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ല. പാർ‌ലമെന്‍ററി പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കില്ലെന്നാണ് പറഞ്ഞതെന്നും അന്‍വര്‍ വ്യക്തമാക്കി.

ഈ രീതിയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെങ്കിൽ 2026ലെ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാർഥികളുണ്ടാകും. 20 –25 സീറ്റിനു മേലെ എൽ‌ഡിഎഫിനു ജയിക്കാനാകില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. എന്നെ ഞാനാക്കിയ ജനത്തോട് ഞാൻ ഇനിയും സംസാരിക്കും. ഞായാറാഴ്ച വൈകിട്ട് നിലമ്പൂരിലെ ജനങ്ങളോട് സംസാരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഭരണത്തില്‍ സാധാരണ പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

എട്ടു കൊല്ലത്തിനിടയ്ക്ക് സർക്കാരിന്‍റെ ചെലവിൽ ഒരു പാരസെറ്റമോൾ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങൾ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവർ‌ത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്‍റെ മടിയിലൊക്കെ കനമുണ്ട്. സർക്കാരിന്‍റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കിൽ ഞാൻ ആ വഴിക്കു പോകും.

റിയാസ് മന്ത്രിയായതിൽ തെറ്റില്ല. ഏത് പൊട്ടനും മ​ന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അൻവർ മറുപടി നൽകി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സിപിഎമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment