കൊല്ലം: സോളാർ പീഡനക്കേസിൽ പരാതിക്കാരി ആദ്യം നൽകിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് കേരള കോൺഗ്രസ് ബി മുൻ നേതാവ് ശരണ്യാ മനോജ് പറഞ്ഞു. കെബി ഗണേഷ് കുമാർ അടക്കമുള്ളവർക്ക് എതിരേ കത്തിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു എന്നും ശരണ്യാ മനോജ് കൂട്ടിച്ചേർത്തു. പരാതിക്കാരിയുടെ കത്ത് മാധ്യമങ്ങൾക്ക് നൽകിയത് ദല്ലാൾ നന്ദകുമാർ ആണെന്നും കേസിൽ ബാലകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം ഇടപെട്ടുവെന്നും ശരണ്യ മനോജ് കൊല്ലം പത്തനാപുരത്ത് പറഞ്ഞു.
പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആർ ബാലകൃഷ്ണപിള്ളയാണ് സഹായിയായ പ്രദീപ് കോട്ടാത്തലയെ ജയിലിലേക്ക് അയച്ചാണ് കത്തി വാങ്ങിച്ചത്, ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.