ന്യൂഡല്‍ഹി : കോവിഡിന്‍റെ രണ്ടാം വരവിനെ കാര്യക്ഷമമായി നേരിടുന്നതില്‍ മോദി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായതായി ശക്തമായ വിമർശനങ്ങള്‍ ഉയരുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസും രംഗത്ത്. രണ്ടാം കൊവിഡ് വ്യാപനം മുന്‍കൂട്ടി കാണുന്നതിലും അത് നേരിടുന്നതിലുമുണ്ടായ പോരായ്മകളില്‍ ബിജെപി-ആര്‍എസ്എസ് അണികളും അതൃപ്തരാണെന്നാണ് വിവരം. രണ്ടാം മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിദേശമാധ്യമങ്ങള്‍ ഇതിനെ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡിന്‍റെ രണ്ടാം വരവിനെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ കാണിച്ച അനാസ്ഥ പൊറുക്കാനാവാത്ത വീഴ്ചയാണെന്ന് രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് മുഖപ്രസംഗത്തിലെഴുതി. സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാക്കിയതിന്‍റെ പ്രധാന കാരണമെന്ന് വിദേശ ഏജന്‍സികളും തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തില്‍ സർക്കാർ തുടരുന്നത് കടുത്ത അനാസ്ഥയും ഗുരുതര വീഴ്ചയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കില്‍ രാജ്യം ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും നേതാക്കള്‍ തുടർച്ചയായി ചൂണ്ടിക്കാട്ടുന്നു. ഓക്ജിസനടക്കമുള്ള വിഷയങ്ങളില്‍ ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയില്‍നിന്നുമുണ്ടായ തിരിച്ചടികളും മോദി സർക്കാരിന് കടുത്ത തിരിച്ചടിയായി. രാജ്യാന്തര തലത്തിലും മോദി സർക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയിലും ആര്‍എസ്എസിലും അതൃപ്തിയുണ്ട്. സര്‍ക്കാര്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇവരും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്‍റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സര്‍ക്കാരിന്‍റെ തയ്യാറെടുപ്പുകളുടെ പോരായ്മകളും ലോകത്തിന് മുന്നില്‍ തുറന്നുക്കാട്ടപ്പെടുന്ന സ്ഥിതിയുണ്ടായതായി ഒരു മുതിര്‍ന്ന നോതാവ് സാക്ഷ്യപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉത്തഡപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്ര മന്ത്രി സന്തോഷ് ഗംഗ്വാര്‍ കത്തെഴുതിയത് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അതൃപ്തി വ്യക്തമാക്കുന്നു. ഓക്സിജന്‍ കുറവ്, മെഡിക്കല്‍ ഉപകരണങ്ങളുടെ കരിഞ്ചന്ത, തന്റെ മണ്ഡലത്തില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ കത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വര്‍ഷങ്ങളുണ്ടെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍.എസ്.എസ്. നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇതിന്‍റെ സൂചനകളുണ്ടായി. രാജ്യതലസ്ഥാനത്ത് പോലും ആളുകള്‍ പ്രാണവായുവിനായി നെട്ടോട്ടമോടുന്ന കാഴ്ച ലോകത്തിന് മുന്നില്‍ അവതരിക്കപ്പെട്ടു. ഇതെല്ലാം പ്രതിഛായ നഷ്ടമാക്കിയതായാണ് വിലയിരുത്തല്‍.
കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും രാജ്യത്തെ ഉന്നത നേതാക്കള്‍ നടത്തിയ റാലികള്‍ ആഗോള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമാക്കിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാതെ വോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന രീതിയിലാണ് ഇത് ചിത്രീകരിക്കപ്പെട്ടത്. വാക്സിനേഷന്‍ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് മറ്റൊരു വിമര്‍ശനം. വാക്സിനുകളുടെ ലഭ്യതയ്ക്ക് സര്‍ക്കാര്‍ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന്‍ ലഭ്യമാകുമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനവും നടപ്പായില്ല. രാജ്യത്ത് മതിയായ വാക്സിന്‍ ലഭ്യമല്ലാത്തപ്പോഴും 20000 കോടിയിലേറെ ചെലവഴിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിർമാണങ്ങള്‍ പുരോഗമിക്കുകയാണ്. ജനം പ്രാണവായുവിനായി നെട്ടോട്ടമോടുമ്പോഴും മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തിന് നടപടി സ്വീകരിക്കാത്ത മോദി സർക്കാർ ലോക്ക്ഡൌണിനിടെയും സെന്‍ട്രല്‍ വിസ്തയുടെ നിർമാണം നിർബാധം തുടരുകയാണ്. ഇതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.