തെലങ്കാനയില്‍ ബിജെപി നേതാവ് ‍ഉള്‍പ്പെടെ നിരവധി പേർ കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Friday, March 22, 2024

 

ഹൈദരാബാദ്: തെലങ്കാനയിലും കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സെക്കന്തരാബാദിലെ നേതാവ് ശ്രീ ഗണേഷ് കോണ്‍ഗ്രസില്‍ ചേർന്നു. തെലങ്കാന പിസിസി വർക്കിംഗ് പ്രസിഡന്‍റ് മഹേഷ് കുമാർ ഗൗഡ്, മുൻ മന്ത്രി പട്‌നം മഹേന്ദർ റെഡ്ഡി, മുൻ എംഎൽഎ മൈനമ്പള്ളി ഹനുമന്ത് റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീ ഗണേഷ് ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കന്‍റോൺമെന്‍റ് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശ്രീ ഗണേഷ്. മൽകജ്ഗിരി പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സെക്കന്തരാബാദ് കന്‍റോൺമെന്‍റ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീ ഗണേഷ് 41,000 വോട്ടുകൾ നേടിയിരുന്നു. തെലങ്കാന മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ രേവന്ത് റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

മെഹ്ബൂബ് നഗർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മുൻ എംഎൽഎയുമായ സ്വർണ്ണ സുധാകർ റെഡ്ഡി, നിർമൽ ജില്ലയിലെ മുധോലിൽ നിന്നുള്ള മുൻ ബിആർഎസ് എംഎൽഎ ജി. വിറ്റൽ റെഡ്ഡി എന്നിവരും കോൺഗ്രസിൽ ചേർന്നു. തെലങ്കാന പിസിസി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോൺഗ്രസിൽ ചേർന്നത്.