തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയ പ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍, പ്രസംഗത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്ന് ഗവര്‍ണര്‍

Jaihind Webdesk
Monday, February 12, 2024

തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയ പ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍ രവി. നയ പ്രഖ്യാപന പ്രസംഗത്തില്‍ വസ്തുതാ വിരുദ്ധവും ധാര്‍മികതക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ് ഉള്ളതെന്നും ഗവര്‍ണര്‍.

കേരള നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിന് സമാനമായ നാടകീയ രംഗങ്ങളായിരുന്നു ഇന്ന് തമിഴ്‌നാട് നിയമസഭയിലും അരങ്ങേറിയത്. തമിഴ്‌നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം രാവിലെ 10 മണിക്കാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചത്. എന്നാല്‍ സമ്മേളനം തുടങ്ങിയപ്പോള്‍ ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ദേശീയഗാനം ആലപിക്കാത്തതിനാലും, പ്രസംഗത്തിലെ ഭാഗങ്ങളോട് എതിര്‍പ്പുള്ളതിനാലും നയപ്രഖ്യാപനം വായിക്കുന്നില്ലെന്ന് ഗവര്‍ണര്‍ നിയമസഭയെ അറിയിക്കുകയായിരുന്നു.

ദേശീയ ഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണം. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് അവഗണിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഈ നയ പ്രഖ്യാപന പ്രസംഗം വായിക്കുന്നത് ഭരണഘടനയെ നിന്ദിക്കലാണ്. ജനങ്ങളുടെ നന്മക്കായി സഭയില്‍ ക്രിയാത്മകവും ആരോഗ്യപരവുമായ ചര്‍ച്ച ഉണ്ടാകട്ടെ എന്ന് ആശംസിച്ച് പ്രസംഗം അവസാനിപ്പിക്കുന്നു എന്നായിരുന്നു 1.19 മിനിറ്റ് മാത്രമുള്ള പ്രസംഗത്തിനിടെ ഗവര്‍ണര്‍ പറഞ്ഞത്. പിന്നാലെ പ്രസംഗത്തിന്‍റെ തമിഴ് പരിഭാഷ നിയമസഭയില്‍ വായിച്ച സ്പീക്കര്‍ സവര്‍ക്കറുടെ വഴിയില്‍ വന്നവര്‍ക്ക് കീഴ്‌പ്പെടുന്നവരല്ല തങ്ങളെന്ന് മറുപടിയും നല്‍കുകയായിരുന്നു.