പോലീസിനെ വിമര്‍ശിച്ച പി കെ ശ്രീമതിയെ പിന്തുണച്ച് ഇ. പി ജയരാജന്‍

Jaihind Webdesk
Wednesday, November 16, 2022

കണ്ണൂർ : പൊലീസിനെ  വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായി  വിമർശിച്ച് സി പി എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ  പോലീസില്‍ ക്രിമിനലുകള്‍ വിലസുന്നതിനെയാണ് ഇ.പി ജയരാജനും വിമര്‍ശിക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും  ഇപി ജയരാജൻ പറഞ്ഞു.

പീഡന കേസിൽ പ്രതിയായ തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളിയാണെന്നും വേലി തന്നെ വിളവ് തിന്നുന്നു എന്നുമാണ് പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിനെതിരെ  നേരത്തെയും സമാന രീതിയിലുള്ള പരാതി ഉയർന്നിട്ടും ഇയാൾ സർവീസിൽ തുടരുന്നതിനെയാണ്  പി കെ ശ്രീമതി വിമർശിച്ചത്.

പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവരോട് ദയയും ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇത്തരത്തിലുള്ള നിരവധി ക്രിമിനൽ കേസുകളാണ് പോലീസിനെതിരെ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇതിനെയാണ് പി കെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.

അതേസമയം പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് മാറി നില്‍ക്കുന്ന ഇപി ജയരാജൻ പോലീസിനെ വിമര്‍ശിച്ചതും ഗവർണ്ണർക്കെതിരായ എൽഡിഎഫ്  രാജ്ഭവൻ മാർച്ചിലും കണ്ണൂരിലെ സമരത്തിലും  പങ്കെടുക്കാത്തതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാല്‍  ആരോഗ്യകാരണങ്ങളാൽ  പാർട്ടിയിൽ നിന്നും അവധിയെടുത്തുവെന്നാണ് ജയരാജന്‍റെ വിശദീകരണം.