കണ്ണൂരില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ച് തീയിട്ടു ; ആക്രമണം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെ

Jaihind Webdesk
Sunday, December 8, 2024

 

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി  വിജയന്‍റെ  നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന്  നേരെ ആക്രമണം ഉണ്ടായി. കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടാം തീയതി ഞായറാഴ്ച കെപിസിസി പ്രസിഡൻറ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.

ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലാണ്.  ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമുമാണ് തീ വെച്ച് നശിപ്പിച്ചത്.

പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു എന്നാണ് ലഭിച്ച സൂചന. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്‌നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. പിണറായി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.