ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവില്‍

Jaihind Webdesk
Tuesday, March 21, 2023

 

ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടത്താണ് നടുക്കുന്ന സംഭവം നടന്നത്. വട്ടമുകളേൽ വിജേഷിന്‍റെ ഭാര്യ വത്സമ്മ (അനിമോൾ – 27) ആണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭർത്താവ് വിജേഷ് ഒളിവിലാണെന്നാണ് വിവരം. ശനിയാഴ്ചയാണ് വത്സമ്മയെ കാണാതായത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ വിജേഷ് തന്നെ ബന്ധുക്കളെ വിളിച്ച് കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് പറയുകയായിരുന്നു. ശനിയാഴ്ച രാവിലെ ഉറക്കം എഴുന്നേറ്റതിന് പിന്നാലെയാണ് അനിമോളെ കാണാതാകുന്നത്. തുടർന്ന് വിജേഷിനോട് ബന്ധുക്കൾ ചോദിച്ചെങ്കിലും അനിമോൾ രാത്രിയിൽ കുട്ടിയെ തന്‍റെ കൂടെ കിടത്തിയിട്ട് എവിടെയോ പോയെന്നായിരുന്നു മറുപടി. ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു.

തുടർന്ന് യുവതിയെ കുറിച്ച് വിവരം ഇല്ലാതെ വന്നതോടെ ഞായറാഴ്ച വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെയും കാണാതായി. ഒളിയിടത്തിൽ നിന്നാണ് വിജേഷ് കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതനുസരിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വിജേഷും യുവതിയും തമ്മിൽ കുടുബ പ്രശ്നം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒളിവിലുള്ള വിജേഷിനെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ കൃത്യത വരുത്താനാകു എന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.