സ്പീക്കറുടെ ചേമ്പറിനു  മുന്നിൽ ഭരണപക്ഷ അഴിഞ്ഞാട്ടം; യുഡിഎഫ് എംഎൽഎമാരെ വാച്ച് ആന്‍റ്  വാർഡ് കയ്യേറ്റം ചെയ്തു; 4 എം എൽ എ മാർക്ക് പരിക്ക്

Jaihind Webdesk
Wednesday, March 15, 2023

തിരുവന്നതപുരം: നിയമസഭയിൽ സ്പീക്കറുടെ ചേമ്പറിനു  മുന്നിൽ പ്രതിഷേധ സമരം നടത്തിയ യുഡിഎഫ് എംഎൽഎമാരെ വാച്ച് ആന്‍റ്  വാർഡ് കയ്യേറ്റം ചെയ്തു.നാല് എംഎൽഎമാർക്ക് പരിക്കേറ്റു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങൾക്കെതിരെ ഉമാ തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അസാധാരണ സംഭവ വികാസങ്ങളും അരങ്ങേറിയത്.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കൂടി വരുമ്പോൾ ഇത് തടയാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഈ വിഷയത്തിൽ
സ്ത്രീ സമൂഹത്തിനു ഉണ്ടായ ആശങ്ക സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമാ തോമസ് കൊണ്ട് വന്ന അടിയന്തിര പ്രമേയ നോട്ടിസിന് തന്നെ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെപ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സർക്കാർ തുടർച്ചയായി ഹനിക്കുന്നതായി ചൂണ്ടികാട്ടി പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധ മുയർത്തി
തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചു.
ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എം എൽ എ മാരേ അവിടെ നിന്നും മാറ്റുവാൻ വാച്ചാൻ വാർഡ് ശ്രമിച്ചതോടെയാണ് സംഘർഷഭരിതമായ നിലയിലിലേക്ക് കാര്യങ്ങൾ മാറ്റിയത്. ഡപ്യൂട്ടി ചീഫ് മാർഷൽ മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധകൃഷ്ണനെ കയ്യേറ്റം ചെയ്തതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി
വാച്ചാൻ വാർഡും എം എംഎൽഎമാരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.വാച്ച് ആന്റ് വാർഡ് എംഎൽഎമാർക്ക് നേരെ ബലപ്രയോഗം നടത്തി.


വാർഡിന്‍റെ അതിക്രമത്തിൽ സനീഷ് കുമാർ ജോസഫും K K രമയും ഉൾപ്പെടെ 4 എം എൽ എ മാർക്ക് പരിക്കേറ്റു. സച്ചിൻ ദേവ് ഉൾപ്പെടെയുള്ള ഭരണകക്ഷി എംഎൽഎമാരുംമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും എം എൽ മാരെ കയ്യേറ്റം ചെയ്ത സംഘത്തിലുണ്ടായിരുന്നു , വാച്ചൻ വാർഡ് വലിച്ചിഴച്ച് നീക്കുന്നതിനിടയിലാണ് കെ കെ രമയ്ക്കു കൈയ്ക്കു പരിക്കേറ്റത്.

അരമണിക്കൂർ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷത്തിനൊടുവിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കൾ എത്തിയാണ് രംഗം ശാന്തമാക്കിയത്.പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം സ്പീക്കർ വാച്ചാൻ വാർഡിനെ പിൻവലിച്ച തോടെയാണ് പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചത്.യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർ നിലപാടുകൾ ചർച്ച ചെയ്തു
പിന്നീട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ എം എൽ എ മാരായ സനീഷ് കുമാർ ജോസഫിനേയും K K രമയേയും സന്ദർശിച്ചു.

പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കുവാൻ വാച്ചാൻ വാർഡിനെ ഉപയോഗിച്ച് സർക്കാർ നടത്തിയ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. സഭക്കുള്ളിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും പോരാട്ടവും തുടരുവാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്.