ബിജെപി മോഡല്‍ ഏതാനും സമ്പന്നര്‍ക്ക് വേണ്ടി ; കോണ്‍ഗ്രസ് പണം നല്‍കുന്നത് പാവപ്പെട്ടവരുടെ പോക്കറ്റിലേക്ക്: രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, May 20, 2025

ഹൊസപ്പേട്ട (കര്‍ണാടക): ഏതാനും തിരഞ്ഞെടുത്ത സമ്പന്നര്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പണവും വിഭവങ്ങളും ലഭിക്കുന്ന മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്നും, എന്നാല്‍ കോണ്‍ഗ്രസിന്റെ മാതൃകയില്‍ പണം പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോക്കറ്റുകളിലേക്കുമാണ് എത്തുന്നതെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രേഖകളില്ലാത്ത വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് ആ സ്ഥലങ്ങള്‍’ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ച് നിയമപരമായി അംഗീകാരം നല്‍കിയ ചടങ്ങായിരുന്നു ഇത് ഇതിലൂടെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പട്ടയം വിതരണം ചെയ്തു.

‘കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി. അഞ്ച് ഗ്യാരണ്ടികളാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത് നിറവേറ്റാന്‍ കഴിയില്ലെന്ന് ബിജെപി ആളുകള്‍ പറഞ്ഞു. ഇത് നടക്കില്ലെന്ന് പ്രധാനമന്ത്രിയും പറഞ്ഞു,’ രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.സര്‍ക്കാര്‍ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടി പദ്ധതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നു, ‘കര്‍ണാടകയിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഞങ്ങള്‍ പണം നിക്ഷേപിക്കുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നു. ഇന്ന്, ആയിരക്കണക്കിന് കോടി രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഈ പണം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നിങ്ങള്‍ ഉപയോഗിക്കുന്നു. ഇതായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്

‘ഇന്ത്യയുടെ മുഴുവന്‍ പണവും ഏതാനും തിരഞ്ഞെടുത്ത ആളുകള്‍ക്ക് ലഭിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്, എന്നാല്‍ പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും ആദിവാസികളുടെയും പോക്കറ്റുകളിലേക്ക് പണം നേരിട്ട് എത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ പോക്കറ്റുകളിലേക്ക് പണം നിക്ഷേപിക്കുമ്പോള്‍, ആ പണം വിപണിയിലേക്ക് പോകുന്നു. ഇത് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ഈ പണം നിങ്ങളുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ചെലവഴിക്കുമ്പോള്‍ പണം ഗ്രാമങ്ങളിലേക്ക് എത്തുകയും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയ്ക്ക് അത് പ്രയോജനകരമാവുകയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ മാതൃകയില്‍ മുഴുവന്‍ പണവും രണ്ടോ മൂന്നോ ശതകോടീശ്വരന്മാര്‍ക്ക് നല്‍കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഈ ശതകോടീശ്വരന്മാര്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ പണം ചെലവഴിക്കുന്നില്ലെന്നും, പകരം ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങുകയാണെന്നും ആരോപിച്ചു.
‘ബിജെപിയുടെ മാതൃകയില്‍ നിങ്ങളുടെ പണം ഏതാനും ചിലരുടെ കൈകളിലേക്കാണ് പോകുന്നത്. അവരുടെ മാതൃകയില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നു; എന്നാല്‍ ഞങ്ങളുടെ മാതൃകയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അവരുടെ മാതൃകയില്‍ നിങ്ങള്‍ക്ക് അസുഖം വന്നാല്‍ നിങ്ങള്‍ കടക്കെണിയിലാകും; ഞങ്ങളുടെ മാതൃകയില്‍ നിങ്ങളുടെ പോക്കറ്റില്‍ പണമുണ്ടാകും, നിങ്ങള്‍ക്ക് ചികിത്സ ലഭിക്കും. അവരുടെ മാതൃകയില്‍ വിദ്യാഭ്യാസത്തിനായി നിങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ലക്ഷക്കണക്കിന് രൂപ നല്‍കി കടക്കെണിയിലാകും; എന്നാല്‍ ഞങ്ങളുടെ മാതൃകയില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പണം നല്‍കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല, നിരവധി പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കുകൊണ്ടു.