ദുർഭരണത്തിലും അക്രമരാഷ്ട്രീയത്തിലും മനം മടുത്തു; ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ യൂത്ത് കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Saturday, January 27, 2024

 

ആലപ്പുഴ: പൂച്ചാക്കലിൽ മുപ്പതോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ പാർട്ടി വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിന്‍റെയും സംഘടനകളുടേയും അക്രമരാഷ്ട്രീയത്തിനും മനുഷ്യത്വരഹിതമായ ദുർഭരണത്തിനും എതിരായിട്ടാണ് ഇവർ പാർട്ടി മാറാൻ തീരുമാനിച്ചത്. ഇനിയും കൂടുതല്‍ ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിടുമെന്നും ഇവർ പറഞ്ഞു.

ദുഷ്‍ഭരണത്തെ എതിർക്കുന്നവരെ ദ്രോഹിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. പിണറായി ഭരണത്തില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. എങ്ങോട്ടു നോക്കിയാലു ധൂർത്താണെന്നും പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് സംവിധാനവും പാർട്ടി സംവിധാനവും ഉപയോഗിച്ച്, പ്രതിഷേധിക്കുന്നവരെ ക്രൂരമായി നേരിടുന്ന പിണറായി വിജയൻ എണ്ണി എണ്ണി കണക്കു പറയേണ്ടിവരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും പാർട്ടി വിട്ട് ആളുകൾ കോൺഗ്രസിലേക്ക് വന്നുകൊണ്ടിരിക്കുമെന്നും അബിന്‍ വർക്കി പറഞ്ഞു.