അവസാന പന്തില്‍ ഇമ്രാന്‍ പുറത്ത്; അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പാക് പ്രധാനമന്ത്രി

Jaihind Webdesk
Sunday, April 10, 2022

 

ഇസ്‌ലമാബാദ്: പാകിസ്ഥാനിലെ മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമം. അർധരാത്രിക്ക് ശേഷം നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായി. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ ദേശീയ അസംബ്ലിയിൽ 172 വോട്ടാണ് ഇമ്രാന്‍ ഖാന് തുടരാന്‍ വേണ്ടിയിരുന്നത്. പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തിരഞ്ഞെടുത്തേക്കും.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവെച്ചു. ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഇമ്രാന്‍ ഖാനെതിരെ വോട്ടുചെയ്തു. ഈ സമയത്ത് അദ്ദേഹം ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്നില്ല. ഇമ്രാന്‍റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇറങ്ങിപ്പോക്ക് നടത്തി. രാത്രി 9 മണിയോടെ ചേർന്ന അടിയന്തരമന്ത്രിസഭാ യോഗം ഇമ്രാന്‍ രാജിവെക്കേണ്ടതില്ലെന്ന് നിലപാടെടുത്തു. രാവിലെ തന്നെ പാർലമെന്‍റ് ചേർന്നെങ്കിലും അർധരാത്രി വരെ വോട്ടെടുപ്പ് സമ്മേളനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭരണകക്ഷി മന്ത്രിമാരുടെ നീണ്ട പ്രസംഗങ്ങള്‍ക്കിടെ നാല് തവണ സഭ നിര്‍ത്തിവെക്കുകയും ചെയ്യേണ്ടിവന്നു. തുടർന്ന് പാക് സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് വോട്ടെടുപ്പില്‍ നീക്കുപോക്കുണ്ടായത്.

പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന്  പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയർമാന്‍ ബിലാവല്‍ ഭൂട്ടോ സർദാരി അവകാശപ്പെട്ടു. പാകിസ്ഥാനിലെ മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. പാകിസ്ഥാന്‍റെ ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍.