കാലിത്തീറ്റ കുംഭകോണം : ലാലു പ്രസാദിന് 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും

Jaihind Webdesk
Monday, February 21, 2022

കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ്  ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്. 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ സി.ബി.ഐ കോടതിയുടേതാണ് വിധി.

കേസിൽ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വർഷത്തിനുശേഷമാണ് അന്തിമവിധി പുറത്തുവരുന്നത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വാദംകേൾക്കലിന് ഹാജരായത്.

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്‍റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ നേരത്തെ തന്നെ ലാലു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.