‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; പിടിയിലായ ഡ്രൈവർമാരെക്കൊണ്ട് 1000 തവണ എഴുതിപ്പിച്ച് പോലീസ്

 

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് തൃപ്പൂണിത്തുറ പോലീസ്. ‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് 1000 തവണ എഴുതിച്ചായിരുന്നു പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് പണി കൊടുത്തത്. സ്വകാര്യ ബസ് അപകടത്തെ തുടർന്ന് ഒരാൾ മരിച്ചതിന് പിന്നാലെ കൊച്ചിയിൽ വ്യാപകമായി പരിശോധന നടന്നിരുന്നു. ഇതിലാണ് മദ്യപിച്ച് വാഹനം ഓടിച്ചവർ പിടിയിലായത്.

മദ്യപിച്ച് വാഹനം ഓടിച്ച 16 പേരെയാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയത്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന. രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരും നാല് സ്‌കൂൾ ബസ് ജീവനക്കാരും പിടിയിലായവരില്‍ ഉൾപ്പെടുന്നു. 1000 ഇമ്പോസിഷനില്‍ ശിക്ഷ ഒതുക്കില്ലെന്നും ബോധവത്ക്കരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും പോലീസ് പറയുന്നു. പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനും വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് വ്യക്തമാക്കി.

പിടികൂടിയ ബസിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി. സ്കൂൾ വിദ്യാർത്ഥികളെ മഫ്തിയിലുള്ള പോലീസ് സ്കൂളുകളിൽ എത്തിച്ചു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരൻ അറയിച്ചു.

Comments (0)
Add Comment