Imperial College London | ലണ്ടന്‍ ഇംപീരിയല്‍ കോളേജ് പാക് പഞ്ചാബ് പ്രവിശ്യയില്‍ കാമ്പസ് തുറക്കുമെന്ന് സര്‍ക്കാര്‍; അങ്ങനെയൊരു പദ്ധതിയില്ലെന്ന് കോളേജ് അധികൃതര്‍

Jaihind News Bureau
Wednesday, October 22, 2025

ഇംപീരിയല്‍ കോളേജ് ലണ്ടന്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ഒരു കാമ്പസ് തുറക്കുമെന്ന പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിന്റെ പ്രഖ്യാപനം തെറ്റാണെന്ന് കോളേജ് അധികൃതര്‍ നിഷേധിച്ചു. ലാഹോറിലെ നവാസ് ഷെരീഫ് ഐടി സിറ്റിയില്‍ ഇംപീരിയല്‍ കോളേജിന്റെ കാമ്പസ് സ്ഥാപിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, യുകെ-ക്ക് പുറത്ത് ഒരു കാമ്പസ് തുടങ്ങാന്‍ നിലവില്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഇംപീരിയല്‍ കോളേജ് വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാരിന്റെ ഈ അവകാശവാദം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇംപീരിയല്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സര്‍ക്കാരിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു.

ഒക്ടോബര്‍ 18-നാണ് യുകെ ആസ്ഥാനമായുള്ള ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ലാഹോറിലെ ഐടി സിറ്റിയില്‍ ഒരു കാമ്പസ് തുറക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. നവംബറില്‍ ഇതിന്റെ തറക്കല്ലിടല്‍ നടക്കുമെന്നും 300 കിടക്കകളുള്ള ഒരു ആശുപത്രി കാമ്പസില്‍ ഉള്‍പ്പെടുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. പഞ്ചാബിന്റെ സീനിയര്‍ മന്ത്രി മറിയം ഔറംഗസേബും സമാനമായ പ്രസ്താവന എക്‌സില്‍ പങ്കുവെച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും സര്‍ക്കാരിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ഈ വാദം നിഷേധിച്ചു. ‘ഇംപീരിയല്‍ കോളേജ് ലണ്ടന്‍ വിദേശത്ത് ഒരു കാമ്പസ് തുറക്കാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്’ എന്ന് കോളേജ് ഔദ്യോഗികമായി അറിയിച്ചു. ‘മാധ്യമങ്ങളിലും ഓണ്‍ലൈനിലും ഇംപീരിയല്‍ ലാഹോറിലെ നവാസ് ഷെരീഫ് ഐടി സിറ്റിയില്‍ ഒരു കാമ്പസ് തുറക്കുന്നു എന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് . ഇംപീരിയലിന് അങ്ങനെയൊരു പദ്ധതിയില്ലെന്നും, സര്‍വകലാശാലയുടെ എല്ലാ കാമ്പസുകളും യുകെയില്‍ മാത്രമാണെന്നും’ അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇംപീരിയല്‍ കോളേജ് ലണ്ടനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍  ഔദ്യോഗിക സൈറ്റ്  മാത്രം പരിശോധിക്കണമെന്ന് കോളേജ് ആവശ്യപ്പെട്ടു.

പഞ്ചാബ് സര്‍ക്കാരിന്റെ ഈ അവകാശവാദം ഇംപീരിയല്‍ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണല്‍ വൊക്കേഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ട്രെയിനിംഗ് കമ്മീഷന്റെ (NAVTTC) മുന്‍ ചെയര്‍മാനും ഇംപീരിയല്‍ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജാവേദ് ഹസ്സന്‍, മറിയം നവാസ് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദത്തെ വിമര്‍ശിച്ചു. ‘ഒരു ഇംപീരിയല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍, നവാസ് ഷെരീഫ് ഐടി സിറ്റിയിലെ കാമ്പസിനെക്കുറിച്ചുള്ള  വാദം  അതിശയിപ്പിച്ചു. എന്നാല്‍, ഇംപീരിയല്‍ കോളേജ് അത്ര സാഹസികരല്ലെന്ന് തെളിഞ്ഞു – അവരുടെ കാമ്പസ് പദ്ധതികള്‍ യുകെയില്‍ മാത്രമാണ് ‘ ഹസ്സന്‍ എക്‌സില്‍ കുറിച്ചു.

നവാസ് ഷെരീഫ് ഐടി സിറ്റി 853 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതും കഴിഞ്ഞ വര്‍ഷം മറിയം നവാസ് ഉദ്ഘാടനം ചെയ്തതുമാണ്. ഇതിനെ പത്ത് വര്‍ഷത്തേക്ക് നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ടെക് സ്ഥാപനങ്ങള്‍ ഇവിടെ ഓഫീസുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.