അനാശാസ്യം ചോദ്യം ചെയ്തു; CPIM ബ്രാഞ്ച് സെക്രട്ടറിയെ CITU പ്രവർത്തകന്‍ മര്‍ദ്ദിച്ചതായി പരാതി

ആലപ്പുഴ: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി ഐ ടി യു പ്രവർത്തകനും സഹായിയും ചേർന്ന് മർദിച്ചതായി പരാതി. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റതെന്ന് കരുതുന്നു.  സി പി.എം ആലപ്പുഴ മുല്ലക്കൽ ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കൽ നന്മ റെസിഡൻസ് അസോസിയേഷൻ ട്രഷററുമായ സോണി ജോസഫിനാണ് (37) മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നെഞ്ചിനും നടുവിനും പരിക്കുണ്ട്.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു സംഭവം. വാഹനത്തിൽ എത്തിയ സോണി ജോസഫിനെ ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിന് സമീപം  തടഞ്ഞ് നിർത്തിയാണ് മര്‍ദ്ദിച്ചത്.  ഹോം സ്റ്റേ നടത്തിപ്പുകാരനും തിരുമല ബി ബ്രാഞ്ച് കമ്മറ്റി അംഗമായ തിരുമല പോഞ്ഞിക്കരയില്‍ ടി എ സുധീറും സഹായിയും ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി.  അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ബ്രാഞ്ച് കമ്മറ്റി അംഗവും സി ഐ ടി യു മുന്‍ കണ്‍വീനറുമായ ടി എ സുധീറിന്‍റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേ കേന്ദ്രീകരിച്ച് നിരവധി തവണ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് കരുതുന്നു.

ഹോംസ്റ്റേയില്‍ നേരത്തേയും അനാശാസ്യം നടന്നതായി ആരോപണമുണ്ടായിരുന്നു. അന്ന് വാര്‍ഡ് കൗണ്‍സിലറും റസിഡന്റ്‌സ് അസോസിയേഷനും പ്രതിഷേധമുയര്‍ത്തിയതോടെ പോലീസ് പൂട്ടിച്ചു. തുടര്‍ന്നാണ് നിലവിലെ നടത്തിപ്പുകാരന്‍ ഹോംസ്റ്റേ ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തിരുമല മുന്‍ ബ്രാഞ്ച് സെക്രട്ടറി സുധീറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

Comments (0)
Add Comment