കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചു; നിരന്തരമായ ഇടപെടല്‍ ഫലം കണ്ടു, സന്തോഷമറിയിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍

Jaihind Webdesk
Saturday, June 15, 2024

NK-Premachandran-MP

 

കൊല്ലം: കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി.  ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതി നല്‍കിക്കൊണ്ടുള്ള ഫയലില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഒപ്പുവെച്ചതായി കേന്ദ്ര മന്ത്രിയുടെ ഓഫീസില്‍ നിന്നും എംപിയെ നേരിട്ട് ഫോണിലൂടെ അറിയിച്ചു. പതിനേഴാം ലോക്സഭ കാലയളവില്‍ നടത്തിയ നിരന്തരമായ ഇടപെടല്‍ അനുമതി ലഭ്യമാക്കാന്‍ സഹായകമായെന്ന്  എന്‍.കെ. പ്രേമചന്ദ്രന്‍  പറഞ്ഞു.

ലോക്സഭയില്‍ ചട്ടം 377 പ്രകാരവും ശൂന്യവേളയിലും നിരവധി പ്രാവശ്യം വിഷയം ഉന്നയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ചെയര്‍മാനായിട്ടുളള ഹോം കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ട പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വരുത്തിയ കാലതാമസം കൊണ്ടാണ് അനുമതി നീണ്ടു പോയത്. തുറമുഖത്തിന്‍റെ വികസനം കണക്കിലെടുത്താണ് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചതിലൂടെ കൊല്ലം തുറമുഖത്തിന് ദേശീയതലത്തിലുളള അംഗീകാരമാണ് ലഭ്യമായിട്ടുളളത്. കൊല്ലത്തിന്‍റെ ദീര്‍ഘകാല വികസനസ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ആരംഭിക്കുന്നതോടെ കൂടുതല്‍ വിദേശ കപ്പലുകള്‍ നങ്കൂരമിടും. അന്തര്‍ദേശീയ കപ്പല്‍ ചാനലിന് സമീപമുള്ള തുറമുഖത്തിന് ഇമിഗ്രേഷന്‍ സൗകര്യം ലഭിക്കുന്നതോടെ വിദേശ കപ്പലുകള്‍ക്ക് സേവനം നല്‍കാന്‍ കഴിയും. കൊല്ലത്ത് നിന്നും യാത്ര കപ്പലുകളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിനും ചെക്ക് പോസ്റ്റ് ഗുണപ്രദമാകും. പതിനേഴാം ലോക്സഭ കാലാവധിയില്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനെട്ടാം ലോക്സഭയുടെ ആദ്യ നാളുകളില്‍ തന്നെ ഫലം കണ്ടതില്‍ സന്തോഷമുണ്ട്. കൊല്ലത്ത് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.