ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന് അന്താരാഷ്ട്ര നാണയനിധി. ഇക്കൊല്ലവും അടുത്ത കൊല്ലവും ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുറയുമെന്ന് ജൂലൈയിൽ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഐ.എം.എഫിന്‍റെ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
‘ഇന്ത്യയിലെ ഏറ്റവും പുതിയ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെയേറെ ദുർബലമാണ്. കോര്‍പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമാണ് പ്രധാന കാരണം’ – ഐ.എം.എഫ് വക്താവ് ഗെറി റൈസ് പറഞ്ഞു.
2019-20 വർഷത്തില്‍ ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) വ്യക്തമാക്കുന്നു. രണ്ട് വർഷവും 0.3 ശതമാനം ഇടിവുണ്ടാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ രാജ്യത്തിന്‍റെ ജി.ഡി.പി വളര്‍ച്ചയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആഭ്യന്തര വളര്‍ച്ച അഞ്ചിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഐ.എം.എഫിന്‍റെ മുന്നറിയിപ്പ്. 2013 മാര്‍ച്ചില്‍ 4.3 % വളര്‍ച്ചയാണ് ജി.ഡി.പിയിലുണ്ടായിരുന്നതാണിപ്പോള്‍ അഞ്ചിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്
രാജ്യത്തിന്‍റെ സാമ്പത്തികരംഗം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നത് നിസാരമായി കാണുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമാകുമെന്ന് മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിന് പിന്നാലെയാണിപ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ഐ.എം.എഫ് പുറത്തുവിട്ടത്.