ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുകളിലെ വായ്പാ വളര്‍ച്ചാനിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം കുത്തനെ ഇടിഞ്ഞെന്ന് ആർബിഐ

Jaihind News Bureau
Tuesday, April 14, 2020

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, അഥവാ ഐഎംഎഫ്. 1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂർണമായും നിശ്ചലാവസ്ഥയിലാണ്.

ഗള്‍ഫ് രാജ്യങ്ങളും, മധ്യേഷ്യൻ രാജ്യങ്ങളും ആഫ്രിക്കൻ മേഖലയും ആശങ്കപ്പെടണം എന്ന് തന്നെയാണ് ഐഎംഎഫിന്‍റെ കണക്കുകൂട്ടൽ. ഗള്‍ഫ്, മധ്യേഷ്യൻ മേഖലകളില്‍ ശരാശരി 2.8 ശതമാനം മാത്രമേ വളർച്ചാനിരക്കുണ്ടാകുവെന്നും സൗദി അറേബ്യയുടെ വളർച്ചാ നിരക്ക് 2.3 ശതമാനത്തിലൊതുങ്ങുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ ഉത്പാദനം മുഖ്യവരുമാനമല്ലാത്ത ഇറാൻ അടക്കമുള്ള ഈ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ വള‍ർച്ചാ നിരക്കും കുറയും.

അതേസമയം, രാജ്യത്തെ ബാങ്കുകളിലെ വായ്പാ വളര്‍ച്ചാനിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം കുത്തനെ ഇടിഞ്ഞെന്ന് റിസര്‍വ് ബാങ്ക്.  2020 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 6.14 ശതമാനം മാത്രമാണ് രാജ്യത്തെ വായ്പാവളര്‍ച്ച. 50 വര്‍ഷത്തിനിടയിലെ ഏറ്റവുംതാഴ്ന്ന നിരക്കാണിത്. 1962 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 5.38 ശതമാനമാണ് ഇതിലും കുറഞ്ഞനിരക്ക്. 2020 മാര്‍ച്ച് വരെ വാണിജ്യ ബാങ്കുകള്‍ നല്‍കിയിട്ടുള്ള ആകെ വായ്പ 103.71 ലക്ഷം കോടി രൂപയാണ്. 2019 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇത് 97.71 ലക്ഷം കോടിയായിരുന്നു.

മാര്‍ച്ച് മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പം 5.91 ശതമാനമായി കുറഞ്ഞു. പക്ഷേ, ചില്ലറ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തേക്കാള്‍ മോശമായി തുടരുകയാണ്. പ്രധാനമായും ധനകാര്യ നയം രൂപീകരിക്കുന്നതിനായി ആര്‍ബിഐ പരിഗണിക്കുന്നത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പമാണ്. കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള വിവരങ്ങള്‍ 2020 മാര്‍ച്ച് 19 വരെ മാത്രമാണ് ശേഖരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) അറിയിച്ചു.

അതേസമയം, ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ രാജ്യത്തെ സാമ്പത്തികവളര്‍ച്ച തിരികെക്കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.