ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള രക്ഷാപാക്കേജിന്റെ അടുത്ത ഗഡു അനുവദിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധി (IMF) 11 പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഇതോടെ ആകെ വ്യവസ്ഥകളുടെ എണ്ണം 50 ആയി. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് പാക്കേജിന്റെ സാമ്പത്തിക പരിഷ്കരണ ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയതായി വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ തുടരുകയോ വഷളാവുകയോ ചെയ്താല്‍, അത് പരിപാടിയുടെ സാമ്പത്തിക -വിദേശബന്ധ – പരിഷ്കരണ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തും’ എന്ന് ശനിയാഴ്ച ഐഎംഎഫ് പുറത്തുവിട്ട സ്റ്റാഫ് ലെവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ ഭീകരരുടെ താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മെയ് 8, 9, 10 തീയതികളില്‍ പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു. നാല് ദിവസത്തെ തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം മെയ് 10ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍ രൂപയായി ഐഎംഎഫ് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്, ഇത് 252 ബില്യണ്‍ രൂപയുടെ (12%) വര്‍ധനയാണ്. എന്നാല്‍, ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിന് ശേഷം സര്‍ക്കാര്‍ 2.5 ട്രില്യണ്‍ രൂപയിലധികം (18% വര്‍ധന) വകയിരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന പുതിയ വ്യവസ്ഥകള്‍:
ബജറ്റ് അംഗീകാരം: 2025 ജൂണ്‍ അവസാനത്തോടെ 2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഐഎംഎഫ് സ്റ്റാഫ് കരാറിന് അനുസൃതമായി പാര്‍ലമെന്റിന്റെ അംഗീകാരം നേടുക.
കാര്‍ഷിക ആദായ നികുതി: നാല് പ്രവിശ്യകളും പുതിയ കാര്‍ഷിക ആദായനികുതി നിയമങ്ങള്‍ സമഗ്രമായ പദ്ധതിയിലൂടെ നടപ്പാക്കണം. ഇതിനുള്ള സമയപരിധി ഈ വര്‍ഷം ജൂണ്‍ ആണ്.
ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍: ഐഎംഎഫിന്റെ ഗവേണന്‍സ് ഡയഗ്നോസ്റ്റിക് അസസ്മെന്റിന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഒരു ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധീകരിക്കണം.
സാമ്പത്തിക മേഖല: 2027-ന് ശേഷമുള്ള സാമ്പത്തിക മേഖലയുടെ തന്ത്രം രൂപപ്പെടുത്തുന്ന ഒരു പദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കണം.
ഊര്‍ജ്ജ മേഖല: ഈ വര്‍ഷം ജൂലൈ ഒന്നിനകം വാര്‍ഷിക വൈദ്യുതി താരിഫ് പുനര്‍നിര്‍ണയം നടത്തി വിജ്ഞാപനം പുറപ്പെടുവിക്കണം. 2026 ഫെബ്രുവരി 15-നകം അര്‍ദ്ധവാര്‍ഷിക ഗ്യാസ് താരിഫ് ക്രമീകരണം നടത്തി വിജ്ഞാപനം ചെയ്യണം. കാപ്റ്റീവ് പവര്‍ ലെവി ഓര്‍ഡിനന്‍സ് സ്ഥിരമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം ഈ മാസം അവസാനത്തോടെ പാര്‍ലമെന്റ് പാസാക്കണം. ഡെറ്റ് സര്‍വീസ് സര്‍ചാര്‍ജിന്റെ യൂണിറ്റിന് 3.21 രൂപ എന്ന പരമാവധി പരിധി നീക്കം ചെയ്യുന്നതിനുള്ള നിയമനിര്‍മ്മാണവും പാര്‍ലമെന്റ് പാസാക്കണം. തെറ്റായ ഊര്‍ജ്ജ നയങ്ങളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സര്‍ക്കുലര്‍ ഡെറ്റ് കുമിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്ന് ഐഎംഎഫും ലോകബാങ്കും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്പെഷ്യല്‍ ടെക്നോളജി സോണുകള്‍: സ്പെഷ്യല്‍ ടെക്നോളജി സോണുകളുമായും മറ്റ് വ്യാവസായിക പാര്‍ക്കുകളുമായും സോണുകളുമായും ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും 2035-ഓടെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കണം.
ഉപയോഗിച്ച വാഹനങ്ങളുടെ ഇറക്കുമതി: ഉപയോഗിച്ച മോട്ടോര്‍ വാഹനങ്ങളുടെ വാണിജ്യ ഇറക്കുമതിക്കുള്ള എല്ലാ അളവ് നിയന്ത്രണങ്ങളും നീക്കുന്നതിനുള്ള നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ സമര്‍പ്പിക്കണം (പ്രാരംഭ ഘട്ടത്തില്‍ ജൂലൈ അവസാനത്തോടെ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രം). നിലവില്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ.
ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിലൂടെ മാത്രമേ പാകിസ്ഥാന് ഐഎംഎഫില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു ലഭിക്കുകയുള്ളൂ.