രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ; അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ആഭ്യന്തര ഉപഭോഗം, നിക്ഷേപം, നികുതി വരുമാനം എന്നിവയിൽ ഉൾപ്പെടെ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. തകർച്ച ആഗോള വളർച്ചയെയും ബാധിച്ചു. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിന് ഉടൻ തിരുത്തൽ നടപടികൾക്ക് സർക്കാർ തയാറാകണം എന്നും അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ് വ്യവസ്‌ഥയെ ബാധിക്കുന്നു എന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര നാണയ നിധി നൽകുന്നത്. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ മാന്ദ്യത്തിലാണ്. രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിൽ വൻ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. സമാന ഇടിവ് നിക്ഷേപത്തിലും അതോടൊപ്പം നികുതി വരുമാനത്തിലും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് ശക്തമായ ഉത്തേജക പാക്കേജുകൾ സ്വീകരിക്കണം എന്ന് അന്താരാഷ്ട്ര നാണയ നിധി ഏഷ്യാ-പസഫിക് ഡിപ്പാർട്ട്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടർ റാനിൽ സൽഗാഡൊ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ ബാങ്ക് നിരക്കുകൾ ഇനിയും കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമാകുമെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.

ഇന്ത്യയിലെ പ്രതിസന്ധിയിൽ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥും കഴിഞ്ഞ ആഴ്ച ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് അടുത്ത കാലത്ത് പുറത്തുവന്ന വിവിധ റിപ്പോർട്ടുകളും രാജ്യത്തെ സാമ്പത്തിക തകർച്ച തുറന്ന് കാട്ടുന്നതാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഓരോദിവസം കഴിയുന്തോറും കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നതാണ് കാണാന്‍ കഴിയുന്നത്. ആഭ്യന്തര ഉദ്പാദന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യത്തെ വ്യാപാര വ്യവസായ സംരംഭങ്ങളെല്ലാം തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകം. സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾ ജലരേഖയായി മാറി. നിലവിലെ സാഹചര്യം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെയും മോദി സർക്കാരിനെതിരെയും ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

IMFeconomic slow down
Comments (0)
Add Comment