കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പേജില്‍ മദ്യക്കുപ്പികളും ഗ്ലാസും ! കൈപ്പിഴയെന്ന് വിശദീകരണം

Jaihind News Bureau
Thursday, May 28, 2020

 

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മദ്യക്കുപ്പികളുടെയും നിറച്ച മദ്യഗ്ലാസിന്‍റെയും ചിത്രം പോസ്റ്റ് ചെയ്തത് വിവാദത്തില്‍. അംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവർത്തനങ്ങള്‍ സംബന്ധിച്ച പോസ്റ്റിനൊപ്പമാണ് വിസ്കിയുടെയും മദ്യഗ്ലാസുകളുടെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അബദ്ധം മനസിലായതിന് പിന്നാലെ ചിത്രം നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളില്‍ ചർച്ചാവിഷയമാവുകയാണ് ഈ ‘ആഭ്യന്തര അബദ്ധം’.

അംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലെ ദേല്‍പുര്‍, പഞ്ച്‌ല ബ്ലോക്ക്, ഹൗറ തുടങ്ങിയ സ്ഥലങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേന നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മദ്യക്കുപ്പികളുടെയും ഗ്ലാസുകളുടെയും ചിത്രം അപ്‌ലോഡ്‌ ചെയ്തത്.ചുഴലിക്കാറ്റില്‍ നിലംപൊത്തിയ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് മദ്യക്കുപ്പിയും കടന്നുകൂടിയത്. 15 മിനിറ്റോളം ഫേസ്ബുക്കില്‍ ഈ പോസ്റ്റ് തുടർന്നു. പിന്നീടാണ് അബദ്ധം മനസിലാക്കി ചിത്രം നീക്കം ചെയ്തത്. ഇതിനോടകം തന്നെ ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. പിന്നാലെ വന്ന പോസ്റ്റുകള്‍ക്കെല്ലാം മദ്യം സംബന്ധിച്ച കമന്‍റുകളാണ് വരുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച കൈപ്പിഴയാണിതെന്ന് വിശദീകരണമെത്തി. വ്യക്തിപരമായ അക്കൗണ്ടും മന്ത്രാലയത്തിന്‍റെ അക്കൗണ്ടും കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാണ് ‘പിശക്’ സംഭവിച്ചതിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഔദ്യോഗിക പേജില്‍ സംഭവിച്ച പിഴവ്.