‘ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറം, കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല’ ; മുന്നറിയിപ്പുമായി ഐ.എം.എ

Jaihind Webdesk
Sunday, August 8, 2021

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായെന്നും കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഐ.എം.എ. വനിത ഡോക്ടര്‍ക്കെതിരെയുള്ള ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഈ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ലെന്നും പത്രക്കുറിപ്പില്‍ ഐ.എം.എ. വ്യക്തമാക്കി.

കൊവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.