ബാബാ രാംദേവിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ഐഎംഎ ; സമയവും തീയതിയും രാംദേവിന് തീരുമാനിക്കാം

Jaihind Webdesk
Sunday, May 30, 2021

ഡെറാഡൂണ്‍ : ബാബാ രാംദേവിനെ പൊതുവേദിയില്‍  മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ തുറന്ന സംവാദത്തിന് ക്ഷണിച്ച് ഐഎംഎ ഉത്തരാഖണ്ഡ്. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താനാണ് രാദേവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിക്കാമെന്നും ഡോ. അജയ് ഖന്ന കൂട്ടിച്ചേർത്തു. എന്നാല്‍ യോഗ്യതയെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറാത്ത സാഹചര്യത്തില്‍ രാംദേവിനും സഹായി ബാലകൃഷ്ണയ്ക്കും കാഴ്ചക്കാരായി മാത്രം സംവാദത്തില്‍ പങ്കെടുക്കാമെന്നും കത്തില്‍ പറയുന്നു.

സംവാദത്തിന്‍റെ  തീയതിയും സമയവും രാംദേവിന് തീരുമാനിക്കാമെന്നും സ്ഥലം തങ്ങള്‍ നിശ്ചയിക്കുമെന്നും ഐഎംഎ അറിയിച്ചു. അലോപ്പതിയും ആയുര്‍വേദവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ചര്‍ച്ച ഉപകരിക്കുമെന്നാണ് ഐഎംഎ കത്തില്‍ പറഞ്ഞിരിക്കുന്നത്. പതഞ്ജലി മരുന്നുകള്‍ ഉപയോഗിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

അലോപ്പതി മരുന്നുകളെ അപമാനിക്കുന്ന തരത്തില്‍ രാംദേവ് സംസാരിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നതു വിവാദമായ സാഹചര്യത്തിലാണ് ഐഎംഎയുടെ നീക്കം. രാംദേവിന്‍റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഐഎംഎ ഉത്തരാഖണ്ഡ് പ്രിഡന്‍റ് ഡോ. അജയ് ഖന്ന, രാംദേവിനയച്ച കത്തില്‍ കുറ്റപ്പെടുത്തി.