കോടതി അടപ്പിച്ചത് കൊതുക്! തലശേരി കോടതി ജീവനക്കാർക്കിടയിലെ അസുഖബാധ സിക വൈറസ് എന്ന് സ്ഥിരീകരിച്ചു

 

കണ്ണൂർ: തലശേരി കോടതി ജീവനക്കാർക്കിടയിലെ അസുഖബാധ സിക വൈറസ് എന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഈഡിസ് കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. കൊതുകുനശീകരണം അടക്കമുള്ള നടപടിക്രമങ്ങൾ നടത്താൻ തീരുമാനം.

കണ്ണൂർ ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാർക്കും കോടതിയിൽ ഹാജരായ അഭിഭാഷകർക്കും രണ്ട് ജഡ്ജിമാർക്കും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്‍റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി ജഡ്ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജിക്ക് ആണ് ശാരീരികപ്രശ്നങ്ങൾ ഉണ്ടായത്. രോഗം ഭേദമായെങ്കിലും ഇപ്പോഴും അസ്വസ്ഥതകളുണ്ട്.

ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ സംഘം കോടതിയിലെത്തി പ്രത്യേക ക്യാമ്പ് നടത്തി ജീവനക്കാരെ പരിശോധിച്ചിരുന്നു. ചൊറിച്ചിൽ, കൈകാൽ സന്ധിവേദന, കണ്ണിന് ചുവപ്പു നിറം, കൈകളില്‍ നീര്, തലവേദന എന്നിവയാണ് ജീവനക്കാർക്കുണ്ടായ ലക്ഷണങ്ങൾ. രണ്ടാഴ്ചയിലേറെയായി ഇവർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഡീഷണൽ ജില്ലാ കോടതി മൂന്ന്, അഡീഷണൽ ജില്ലാ കോടതി രണ്ട്, സബ്‌ കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാർക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായത്. ചിലർക്ക് പ്ലേറ്റ്‌ലെറ്റ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്നുതന്നെ വൈറസാണോയെന്ന സംശയമാണ് മെഡിക്കൽ സംഘത്തിനുണ്ടായത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിൽ ആണ് സാമ്പിളുകൾ ആലപ്പുഴയിലേക്ക് അയച്ചത്.

355 പേരെ പരിശോധിച്ചതിൽ 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം ആണ് പുറത്തുവന്നത്. ഈഡിസ് കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. പ്രദേശത്തു കൊതുകുനശീകരണം അടക്കമുള്ള പ്രവർത്തനം നടത്താനാണ് തീരുമാനം. അതിനുള്ള നടപടികളും ആരംഭിച്ചു.

Comments (0)
Add Comment