താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്‍ററുകള്‍ അടച്ചുപൂട്ടും; നടപടി ഷഹബാസിന്റെ കൊലപാതകത്തെ തുടര്‍ന്ന്

Jaihind News Bureau
Sunday, March 16, 2025

കോഴിക്കോട് താമരശ്ശേരിയില്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നിര്‍ദേശം ലഭിച്ചത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഡി.ഇ.ഒയുടെ ഉത്തരവില്‍ പറയുന്നു. താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്. രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ അനധികൃതമായി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. മൊയ്‌നുദീന്‍ കത്ത് നല്‍കിയത്.

പഞ്ചായത്തി രാജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ, പഞ്ചായത്ത് പരിധിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടുകയോ, അല്ലെങ്കില്‍ പിഴചുമത്തിയോ നിയമനടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്ന് ഡിഇഒയുടെ കത്തില്‍ സൂചിപ്പിക്കുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന അവലോകന സംവിധാനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശമാണ് പ്രധാനമായും ഡിഇഒ കത്തില്‍ ഉന്നയിക്കുന്നത്.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അനിയന്ത്രിത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ഇത്തരം അനധികൃത ട്യൂഷന്‍ സെന്ററുകളിലാണ് പലപ്പോഴും വിദ്യാര്‍ഥിക്കിടയിലെ സംഘര്‍ഷങ്ങളിലേറെയും തുടങ്ങാറുള്ളതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലെ പോര്‍വിളിക്കും ശേഷം മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.